വാഷിംഗ്ടണ്‍: കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില ആശങ്കാജനകമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത 48 മണിക്കൂര്‍ ഏറെ നിര്‍ണായകമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍. വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്ററിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്.

അദ്ദേഹത്തിന് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന് പനി മാറിയെന്നും മൂക്കൊലിപ്പ്, കഫകെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് കുറവുണ്ടെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ സീന്‍ കോണ്‍ലി പറഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെയും വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് മെഡിക്കല്‍ ടീമിലെ മറ്റൊരു അംഗം സീന്‍ ഡൂലി പറഞ്ഞു. കൊറോണക്ക് ഫലപ്രദമെന്ന് കരുതുന്ന റംഡിസിവിയര്‍ എന്ന മരുന്നാണ് ട്രംപിന് നല്‍കുന്നത്. ഈ മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് വ്യക്തമായ പഠനങ്ങള്‍ വന്നിട്ടില്ല.

എന്നാല്‍ ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാവുന്ന ഒരു ഉറവിടം കൂടുതല്‍ ആശങ്കാജനകമായ വിലയിരുത്തലാണ് നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂര്‍ വളരെ ആശങ്കാജനകമായിരുന്നുവെന്നും അടുത്ത 48 മണിക്കൂര്‍ അദ്ദേഹത്തിന്റെ പരിചരണത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമായിരിക്കുമെന്നും ഈ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ശ്വസന പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കിയതായും സൂചനയുണ്ട്. ട്രംപ് പൂര്‍ണ്ണമായും രോഗമുക്തി നേടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കൊവിഡ് സ്ഥിരീകരിച്ച ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് വൈറ്റ് ഹൗസില്‍ സുഖംപ്രാപിച്ച് വരികയാണ് എന്നാണ് വിവരം.
ട്രംപിന്റെ കൂടുതല്‍ സഹായികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. മുന്‍ ഉപദേഷ്ടാവ് കെല്ലിയാന്‍ കോണ്‍വേ, ക്യാമ്പയിന്‍ മാനേജര്‍ ബില്‍ സ്റ്റീപിയന്‍, റിപ്പബ്ലിക്കന്‍ സെനറ്റര്‍മാമാരായ മൈക്ക് ലീ, തോം ടില്ലിസ് തുടങ്ങിയവര്‍ക്ക് എല്ലാം പോസിറ്റീവ് ആണ്. എന്നാല്‍ ചൊവ്വാഴ്ച ട്രംപുമായി സംവാദത്തില്‍ പങ്കെടുത്ത യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും ഭാര്യക്കും കൊവിഡ് നെഗറ്റീവാണ്.
അതേസമയം, 74കാരനായ ട്രംപിന് ഏത് സമയവും രോഗം മൂര്‍ഛ്ഛിക്കാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ട്രംപിന് പൊണ്ണത്തടി ഉള്‍പ്പെടെ പ്രശ്‌നങ്ങളും ഉണ്ട്. നിലവില്‍ അദ്ദേഹത്തിന് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം കൂടിയത് ശക്തമായ അണുബാധക്ക് കാരണമായേക്കുമെന്ന് ആശങ്കയുണ്ട്. 75 വയസ്സ് പ്രായമുള്ള 25ല്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ട്രംപ് കൊവിഡ് മുന്‍കരുതല്‍ പലപ്പോഴും പാലിച്ചിരുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. പലപ്പോഴും അദ്ദേഹം മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. വൈറ്റ് ഹൗസിലെ പല ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ പിറകിലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കയില്‍ 70 ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് ലക്ഷത്തില്‍ അധികം ആളുകള്‍ മരിച്ചു.