തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഏറ്റവും അധികം വിവാദങ്ങളുണ്ടാക്കിയത് ആഭ്യന്തര വകുപ്പും പോലീസും ആണ്. സംസ്ഥാന പോലീസ് മേധാവിയായി, സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത് മുതല്‍ തുടങ്ങിയ വിവാദമാണ്.

എന്തായാലും ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. മാറ്റുന്നതിനുള്ള സാധ്യതകള്‍ തളളിക്കളയാന്‍ ആവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യിലല്ല. സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നിയമ സഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അതിന് മുന്നോടിയായി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കുമോ എന്നാണ് ചോദ്യം.

ക്രമസമാധാന ചുമതലയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്. ലോക്‌നാഥ് ബെഹ്‌റ, സംസ്ഥാന ഡിജിപി ആയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ബെഹ്‌റയ്ക്ക് എന്ത് പദവി കൊടുക്കും എന്നതും ചര്‍ച്ചയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചാല്‍ ബെഹ്‌റയെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആയോ സിയാല്‍ എംഡി ആയോ നിയമിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റുകയാണെങ്കില്‍, ആരായിരിക്കും ആ പദവിയില്‍ എത്തുക എന്നതും ചോദ്യമാണ്. ഋഷിരാജ് സിങ്, ആര്‍ ശ്രീലേഖ, അരുണ്‍കുമാര്‍ സിന്‍ബ, ടോമിന്‍ തച്ചങ്കരി എന്നിവരാണ് സീനിയോരിറ്റിയില്‍ മുന്നിലുള്ളവര്‍. ഇതില്‍ ടോമിന്‍ തച്ചങ്കരിയെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. ഋഷിരാജ് സിങും ആര്‍ ശ്രീലേഖയും അടുത്ത് തന്നെ വിരമിക്കുകയും ചെയ്യും.
ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവിമാരുടെ കാര്യത്തിലും ചീഫ് സെക്രട്ടറിമാരുടെ കാര്യത്തിലും ഇത് സാധാരണ ഗതിയില്‍ കര്‍ശനമായി നടപ്പിലാക്കാറില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ട്രല്‍ ഓഫീസറും സംസ്ഥാന സര്‍ക്കാരും യോജിപ്പിലെത്തിയാല്‍ പോലീസ് മേധാവിയെ നീക്കേണ്ട സാഹചര്യവും ഉണ്ടാവില്ല. എന്നാല്‍ ഡിജിപിയ്‌ക്കെതിരെ ഏതെങ്കിലു തരത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍, കമ്മീഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചേക്കും.
ഇടത് സര്‍ക്കാര്‍ ഈ ഭരണകാലത്ത് ഏറ്റവും അധികം പഴി കേട്ടത് പോലീസിനെ ചൊല്ലിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുന്നത്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അടക്കം പോലീസിനെതിരെയുള്ള ആക്ഷേപങ്ങള്‍ അനവധിയാണ്.