കോഴിക്കോട്: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ആരംഭിച്ചത്. നാല് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് എത്തുക. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ വടക്കന്‍ ജില്ലകളിലാണ് ഇന്ന് പോളിംഗ്. 10834 ബൂത്തുകളാണ് ഇവിടെയുള്ളത്. മോക്ക് പോളിംഗ് പൂര്‍ത്തിയാക്കി രാവിലെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ വലിയ തിരക്ക് ബൂത്തുകളില്‍ ഉണ്ടായിരിക്കുകയാണ്. ആദ്യ രണ്ട് ഘട്ടത്തിലെ പോലെ തന്നെ നല്ല തിരക്കാണ് ഇത്തവണയും അനുഭവപ്പെടുന്നത്.

വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ രണ്ട് തവണയും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 90 ലക്ഷം വോട്ടര്‍മാരാണ് വൈകീട്ട് ആറ് മണിവരെ നടക്കുന്ന മൂന്നാം ഘട്ടത്തില്‍ വോട്ടിംഗിനായി എത്തേണ്ടത്. കഴിഞ്ഞ തവണ നാല് ജില്ലകളിലായി 79.75 ശതമാനമായിരുന്നു പോളിംഗ് ശരാശരി. സംസ്ഥാന ശരാശരി 77.76 ആണ്. ഇത് ഇത്തവണ മറികടക്കുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകളും മൂന്നാം ഘട്ടത്തിലാണ് ഉള്ളത്. കണ്ണൂരില്‍ മാത്രം 785 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ജില്ലയില്‍ കനത്ത സുരക്ഷ തന്നെ ഒരുക്കിയിട്ടുണ്ട്.

പ്രമുഖര്‍ ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തുന്നത് മൂന്നാം ഘട്ടത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കെ.കെ ശൈലജ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. കടുത്ത നിയന്ത്രണങ്ങള്‍ പലതും മലബാര്‍ മേഖലയിലെ കൊട്ടിക്കലാശത്തില്‍ ലംഘിക്കപ്പെട്ടു എന്നാണ് ആരോപണം. പോളിംഗ് സാമഗ്രികളുടെ വിതരണത്തിലും കൊവിഡ് ചട്ടങ്ങള്‍ വടക്കന്‍ ജില്ലകളില്‍ ലംഘിക്കപ്പെട്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
അതേസമയം മതിയായ സുരക്ഷ ഒരുക്കാന്‍ നടപടി സ്വീകരിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. 590 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും ക്രമസമാധാന പാലനത്തിന് പട്രോളിംഗ് ടീമിനെയും വിന്യസിസിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. ഇത്തവണ എല്‍ഡിഎഫിന് നിര്‍ണായകമായ ഘട്ടമാണ് പോളിംഗ് നടക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, ജില്ലാ പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് അനുകൂലമായിരുന്നു കഴിഞ്ഞ തവണ. കാസര്‍കോടും മലപ്പുറവും യുഡിഎഫാണ് ഭരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ നിലനിര്‍ത്തുകയെന്നത് എല്‍ഡിഎഫിന് വലിയ വെല്ലുവിളിയാണ്.