ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പുതിയ പാര്‍ട്ടി പ്രഖ്യാപന തിയ്യതി അറിയിച്ചതിന് പിന്നാലെ മറ്റൊരു വേറിട്ട വാര്‍ത്ത. ബിജെപി നേതാവ് രാജിവച്ച് രജനിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ ബിജെപി നേതാവ് കൂടെ ചേര്‍ന്നത് ആരെയും അല്‍ഭുതപ്പെടുത്തി. അതേസമയം, ബിജെപിയുടെ ബി ടീമായി രജനി മാറുമെന്നതിന്റെ സൂചനയാണിതെന്ന് വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. അടുത്ത മാസമാണ് രജനികാന്ത് തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുക. പ്രഖ്യാപന തിയ്യതി ഡിസംബര്‍ 31ന് അറിയിക്കാനിരിക്കെയാണ് അര്‍ജുന്‍ മൂര്‍ത്തി ബിജെപിയില്‍ നിന്ന് രാജിവച്ചത്.

ബിജെപിയുടെ ബൗദ്ധിക് വിഭാഗം നേതാവായ അര്‍ജുന്‍ മൂര്‍ത്തിയാണ് ബുധനാഴ്ച രാജിവച്ചത്. അദ്ദേഹം ഇന്ന് രജനികാന്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. രജനി അദ്ദേഹത്തെ പുതിയ പാര്‍ട്ടിയുടെ മുഖ്യ കോഡിനേറ്ററായി നിയമിക്കുകയും ചെ്തു. രജനികാന്തിന്റെ രൂപീകരിക്കാന്‍ പോകുന്ന പാര്‍ട്ടിയുടെ മുഴുവന്‍ മേല്‍നോട്ടവും തമിഴരുവി മണിയനാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ഇന്നാണ് രജിനികാന്ത് പ്രഖ്യാപനം നടത്തിയത്. ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടി പ്രഖ്യാപന തിയ്യതി ഈ മാസം 31ന് അറിയിക്കുമെന്നും രജനികാന്ത് പറഞ്ഞു.

രജനികാന്ത് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അര്‍ജുന്‍ മൂര്‍ത്തി അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ്. ബിജെപിയുടെ മികച്ച സംഘാടകരില്‍ ഒരാളായിരുന്നു അര്‍ജുന്‍ മൂര്‍ത്തി. ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ബിജെപി നേതാവുമായിരുന്നു. തമിഴ്‌നാട്ടില്‍ ബിജെപി പലയിടത്തും വേല്‍ യാത്ര നടത്തുന്നുണ്ട്. ഇതിന്റെ പിന്നിലെ ആസൂത്രകന്‍ അര്‍ജുന്‍ മൂര്‍ത്തി ആയിരുന്നു. വേല്‍ യാത്ര നടത്തി ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാമെന്നത് അര്‍ജുന്‍ മൂര്‍ത്തിയുടെ ബുദ്ധി ആയിരുന്നു എന്നാണ് രാഷ്ട്രീയ പ്രതിയോഗികള്‍ ആരോപിച്ചിരുന്നത്.
ബിജെപിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണ് അര്‍ജുന്‍ മൂര്‍ത്തിക്ക്. മാത്രമല്ല, തമിഴ്‌നാടിന്റെ ചുമതലയുള്ള കര്‍ണാടകയിലെ ബിജെപി നേതാവ് സിഡി രവിയുമായും അര്‍ജുന്‍ മൂര്‍ത്തി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത്തരത്തിലൊരു നേതാവ് രജനിയുടെ പാര്‍ട്ടിയില്‍ തുടക്കത്തില്‍ തന്നെ ചേര്‍ന്നതിലും ആശങ്ക വ്യാപിച്ചിട്ടുണ്ട്. അടുത്തിടെ ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തിയുമായി രജനികാന്ത് ചര്‍ച്ച നടത്തിയിരുന്നു. ശേഷം കേന്ദ്രമന്ത്രി അമിത് ഷാ ചെന്നൈയിലെത്തിയെങ്കിലും രജനി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറായില്ല. ബിജെപിയുമായി പലപ്പോഴും അടുപ്പം പരസ്യമായി പ്രകടിപ്പിച്ച വ്യക്തിയാണ് രജനി. അര്‍ജുന്‍ മൂര്‍ത്തിയുടെ വരവോടെ പുതിയ പാര്‍ട്ടി ബിജെപിയുടെ ബി ടീമായി മാറി എന്നും വിമര്‍ശനമുണ്ട്.
പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും രജനികാന്ത് 2017ല്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് താനുണ്ടാകില്ല എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. സര്‍ക്കാരിനെ നയിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുമെന്നാണ് രജനികാന്ത് പറഞ്ഞത്. അര്‍ജുന്‍ മൂര്‍ത്തി ഈ സംഘത്തിലുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
ആത്മീയ വിഷയത്തില്‍ ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് രജനികാന്ത്. അതേ രീതിയില്‍ തന്നെയാണ് പാര്‍ട്ടി എങ്കിലും ബിജെപിയുമായി അടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ബിജെപിയുമായി രജനി കൂട്ടുചേര്‍ന്നാല്‍ ഒരുപക്ഷേ അദ്ദേഹത്തിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തല്‍ പ്രയാസകരമായേക്കും. 69കാരനായ രജനികാന്ത് രാഷ്ട്രീയ മേഖലയില്‍ ഈ വേളയില്‍ സജീവമാകുന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു, കൊറോണ വ്യാപനം അകന്നിട്ടില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ സജീവമാകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതാണ് രജനിയെ സജീവമാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
ബിജെപിയുമായി സഹകരിക്കുന്ന കാര്യത്തില്‍ രജനി ഇതുവരെ സൂചനകള്‍ നല്‍കിയിട്ടില്ല. കമല്‍ഹാസന്‍ നേരത്തെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പിന്തുണ തേടുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു. ഇനി കമല്‍ഹാസന്‍രജനി പോര് രാഷ്ട്രീയത്തിലുണ്ടാകുമോ എന്ന ചോദ്യവും ബാക്കിയാണ്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം എംജിആറുമായി താരതമ്യപ്പെടുത്തുന്ന ഒട്ടേറെ ആളുകളുണ്ട് തമിഴ്‌നാട്ടില്‍. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന വേളയിലും രാഷ്ട്രീയ അടിത്തറ എംജിആര്‍ കെട്ടിപ്പടുത്തിരുന്നു. രജനികാന്ത് രാഷ്ട്രീയ അടിത്തറ ശക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ആരാധകരുടെ ബലത്തിലാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്.