കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രധാന പ്രതിയായ തസ്ലീമ സുൽത്താന ഇടപാട് നടത്തിയത് നടൻ ശ്രീനാഥ് ഭാസിയാണെന്ന റിപ്പോർട്ടുകൾ. കേസിൽ ശ്രീനാഥ് ഭാസിയേയും പെൺ സുഹൃത്തിനെയും എക്‌സൈസ് ചോദ്യം ചെയ്യും. ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താന ശ്രീനാഥ് ഭാസിയുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ് എക്‌സൈസിന് കിട്ടി. തിരുവനന്തപുരം സ്വദേശിയായ പെൺസുഹൃത്തിന്റെ സിം കാർഡാണ് തസ്ലീമയുമായി ബന്ധപ്പെടാൻ ശ്രീനാഥ് ഭാസി ഉപയോഗപെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാൻ എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത്.
നടന്റെ പെൺസുഹൃത്തിനെ കേന്ദ്രീകരിച്ചും എക്‌സൈസ് അന്വേഷണം നടത്തും. പെൺസുഹൃത്ത് മാസങ്ങൾക്ക് മുൻപ് വിദേശയാത്ര നടത്തിയിരുന്നു. ഇവർ വഴിയാണോ ഹൈബ്രിഡ് കഞ്ചാവ് രാജ്യത്ത് എത്തിയതെന്ന സംശയമാണ് ബലപ്പെടുന്നത്. മലയാള സിനിമയിൽ ശ്രീനാഥ് ഭാസിക്ക് പുറമേ രണ്ട് നടന്മാരുമായി ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതിൽ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റുകൾ മാത്രമാണ് കണ്ടെത്താനായത്. മറ്റു ചാറ്റുകൾ കണ്ടെത്താനായി ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്.
ബെംഗളൂരുവിൽ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് മൂന്നു ദിവസം തങ്ങി. ഈ ദിവസങ്ങളിൽ ഹൈബ്രിഡ് കഞ്ചാവ് വില്പനയും പെൺവാണിഭവും നടത്തി. കൂടാതെ മൂന്നു ദിവസത്തിനിടയിൽ ഏഴു ലക്ഷത്തോളം രൂപ തസ്ലീമയുടെ അക്കൗണ്ടിലേക്ക് ഈ ഇടപാടുകളിൽ എത്തി. കേസിൽ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കൂടുതൽ കുടുങ്ങുമെന്ന അവസ്ഥയായപ്പോൾ പിന്നീട് അത് പിൻവലിച്ചു.
കേസിൽ എക്‌സൈസ് നിലവിൽ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് ഇത്. ഹർജി ഈ മാസം 22ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റി. ശ്രീനാഥ് ഭാസി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി എക്‌സൈസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. അതിനാൽ ശ്രീ നാഥ് ഭാസിയുടെ കേസിനുള്ള ബന്ധങ്ങളെ പറ്റി എക്‌സൈസ് കോടതിയെ അറിയിക്കും. ഇത് ശ്രീനാഥ് ഭാസിയെ കൂടുതൽ കുരുക്കിലാക്കും.