ജയ്പൂര്‍: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിച്ചിട്ടും 19 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായത്. മധ്യപ്രദേശിലും ഗുജറാത്തിലും അടക്കമുളള ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് തിരിച്ചടിയേറ്റു. ഈ തിരിച്ചടികള്‍ക്കിടെ രാജസ്ഥാനില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ..

രാജസ്ഥാനിലെ ഭരണകക്ഷി കൂടിയായ കോണ്‍ഗ്രസ് സംസ്ഥാനത്തെ 6 നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. നാല് നഗരസഭകളിലെ മേയര്‍ സ്ഥാനം കോണ്‍ഗ്രസ് സ്വന്തമാക്കി. അതേസമയം ബിജെപിക്ക് രണ്ട് നഗരസഭകളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുളളൂ.

ജയ്പൂര്‍, ജോധ്പൂര്‍, കോട്ട എന്നിവിടങ്ങളിലെ 6 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കാണ് മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്. കോട്ടയിലെ തിരഞ്ഞെടുപ്പിനിടെ ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയിരുന്നു. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
അതേസമയം പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താശ്ര ആരോപിച്ചു. കോട്ടയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും അടക്കമുളളവരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയെന്നാണ് ആരോപണം. ഈ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ജയ്പൂര്‍ ഗ്രേറ്റര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപിയുടെ സൗമ്യ ഗുര്‍ജര്‍ കോണ്‍ഗ്രസിന്റെ ദിവ്യ സിംഗിനെ തോല്‍പ്പിച്ചു. ജയ്പൂര്‍ ഹെറിറ്റേജ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മുനേഷ് ഗുര്‍ജര്‍ ബിജെപിയുടെ കുസും യാദവിനെ പരാജയപ്പെടുത്തി.
ജോധ്പൂര്‍ നോര്‍ത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ കുന്തി പരിഹാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ സംഗീത സോളങ്കിയെ ആണ് പരാജയപ്പെടുത്തിയത്. ജോധ്പൂര്‍ സൗത്ത് കോര്‍പ്പറേഷനില്‍ ബിജെപിയുടെ വനിതാ സേത്ത് കോണ്‍ഗ്രസിന്റെ പൂജ പരീക്കിനെ തോല്‍പ്പിച്ചാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
കോട്ട നോര്‍ത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മഞ്ജു വര്‍മ്മ വിജയിച്ചു. ബിജെപിയുടെ സന്തോഷ് ബൈര്‍വയെ ആണ് തോല്‍പ്പിച്ചത്. കോട്ട സൗത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജീവ് അഗര്‍വാള്‍ ബിജെപിയുടെ വിവേക് രാജ്വംശിയെ തോല്‍പ്പിച്ചു. പുതുതായി രൂപീകരിച്ച 560 വാര്‍ഡുകളിലേക്കായാണ് തിരഞ്ഞെടുപ്പ് നടന്നത്.