പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നടത്താം. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് അഞ്ചിന് ക്ഷേത്രനട തുറന്ന് നിര്‍മാല്യ ദര്‍ശനം. തുടര്‍ന്ന് പതിവ് അഭിഷേകവും നെയ്യഭിഷേകവും നടക്കും. 5.30ന് മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ. എട്ടിന് ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.

കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് 17 മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേര്‍ എന്ന കണക്കില്‍ അയ്യപ്പഭക്തര്‍ക്ക് ശബരിയില്‍ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് ഇല്ലെന്ന് 48 മണിക്കൂര്‍ മുമ്പ് നടത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിനായി എത്തുന്ന ഓരോ അയ്യപ്പഭക്തര്‍ക്കും നിര്‍ബന്ധമാണ്.

ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവു എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം. ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനകം ലഭ്യമായ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്. കൂടാതെ മലകയറാന്‍ പ്രാപ്തരാണെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
ശബരിമല തുലാമാസ പൂജയുമായി ബന്ധപ്പെട്ട് മണ്ണാറക്കുളഞ്ഞിപമ്പാ റോഡിലെ അട്ടത്തോട്ചാലക്കയം റോഡില്‍ പ്ലാന്തോട്ടം ഭാഗത്ത് ഈ മാസം 24 വരെ നിയന്ത്രണങ്ങളോടെ ഒറ്റവരി ഗതാഗതം നടത്തുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉത്തരവായി. പ്ലാന്തോട്ടം ഭാഗത്ത് ഒറ്റവരി ഗതാഗത നിയന്ത്രണം പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും റോഡില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ദിവസവും പരിശോധന നടത്തുകയും ഒറ്റവരി ഗതാഗതം സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.