വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോവിഡ് നിര്‍മാര്‍ജനത്തിനുള്ള നടപടികളുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് പ്രതിരോധ നടപടികള്‍ ശാസ്ത്രീയമായി പുനക്രമീകരിക്കാന്‍ 12 അംഗ കര്‍മ്മ സമിതിയെ തിങ്കളാഴ്ച ബൈഡന്‍ പ്രഖ്യാപിച്ചേക്കും.

ഒബാമ സര്‍ക്കാരില്‍ സര്‍ജന്‍ ജനറലായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ വംശജ്ഞന്‍ വിവേക് മൂര്‍ത്തി, മുന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണല്‍ ഡേവിഡ് കെസ്ലര്‍, യേല്‍ സവ്വകലാശാലയിലെ ഡോ. മാര്‍സെല്ല ന്യൂ സ്മിത്ത് എന്നിവര്‍ സമിതിയുടെ ഉപാധ്യക്ഷന്‍മാരാകുമെന്നാണ് സൂചന.

എഴുപത്തിയേഴുകാരനായ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സമര്‍ഥനായ വൈസ് പ്രസിഡന്റ് എന്നാണ് ബറാക് ഒബാമ ഒരിക്കല്‍ ബൈഡനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ പ്രതിസന്ധി കാലത്ത് രാജ്യത്തെ നയിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇനി ബൈഡന് നിര്‍വഹിക്കാനുള്ളത്.
വലിയ പ്രചാരണം നടത്തിയിട്ടും ഡൊണാള്‍ഡ് ട്രംപിന്റെ പരാജയത്തിന് വലിയ കാരണമായത് കോവിഡ് വ്യാപനം തടയുന്നതിലുണ്ടായ വീഴ്ചകളാണ് എന്ന് വ്യാപക വിമര്‍ശനം ഉണ്ടായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് അമേരിക്ക. ഒട്ടേറെ പ്രചരണ വിഷയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിച്ചത് കോവിഡിനെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടത്തിന് ഉണ്ടായ പരാജയമാണ്.
273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുന്നത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് യുഎസിന്റെ 46ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപിന് നേടാനായത്. പെന്‍സില്‍വേനിയയിലെ വോട്ടുകളാണ് ബൈഡന്റെ വിജയമുറപ്പിച്ചത്.
പുതിയ ചരിത്രം കുറിച്ച് കമലാ ഹാരിസ് വനിത വൈസ് പ്രസിഡന്റാവും. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമലാ ഹാരിസ്. യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയും കമലയാണ്.