ചെന്നൈ; തമിഴ്‌നാട്ടില്‍ ദളിത് എം.എല്‍.എയുടെ വിവാഹം വിവാദത്തില്‍ . 35 കാരനായ എ.ഐ.എഡി.എം.കെ എം.എല്‍.എയും 19 കാരിയായ ബിരുദ വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള വിവാഹമാണ് ഒച്ചപ്പാടുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. മകളെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചതാണെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. വിവാഹ ദിവസം പെണ്‍കുട്ടിയുടെ പിതാവ് എംഎല്‍എയുടെ വീടിന് മുന്നിലെത്തി ആത്മഹ്യയ്ക്ക് ശ്രമിച്ചു. സംഭവം ഇങ്ങനെ

കല്ലാക്കുറിച്ചി എ.എ.ഡി.എം.കെ എം.എല്‍.എയായ പ്രഭുവും ഡിഗ്രി വിദ്യാര്‍ത്ഥിനിയും ബ്രാഹ്മണ പെണ്‍കുട്ടിയുമായ സൗന്ദര്യയുടേയും വിവാഹമാണ് സിനിമയെ വെല്ലുന്ന രീതിയില്‍ ഉള്ള സംഭവത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ വിവാഹത്തിന് തൊട്ട് മുന്‍പ് സൗന്ദര്യയുടെ പിതാവും ക്ഷേത്ര പൂജാരിയുമായ സ്വാമിനാഥന്‍ പ്രഭുവിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു.

തന്റെ മകളെ പ്രഭു തട്ടിക്കൊന്നു വന്ന് നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയാണെന്നാണ് സ്വാമിനാഥന്റെ ആരോപണം. പ്രഭു തന്റെ മകളെ ഒക്ടോബര്‍ ഒന്നിന് വീട്ടില്‍ നിന്ന് കടത്തി. കഴിഞ്ഞ 15 വര്‍ഷമായി പ്രഭു തന്റെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തന്റെ മകളുമായി കഴിഞ്ഞ നാല് വര്‍ഷമായി പ്രഭു പ്രണയത്തിലായിരുന്നുവെന്നും സ്വാമിനാഥന്‍ ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് പ്രഭു തന്റെ മകളെ പ്രണയിച്ചത്. ജാതിയല്ല തന്റെ വിഷയം മകളുടേയും എംഎല്‍എയുടേയും പ്രായവ്യത്യാസമാണെന്നു സ്വാമിനാഥന്‍ പറഞ്ഞു. മകള്‍ മാനസീകമായി വിവാഹത്തിന് തയ്യാറെടുത്തിട്ടില്ല. മകളെ തട്ടിക്കൊണ്ട് പോയതാണ്. സംഭവത്തില്‍ എം.എല്‍.എയില്‍ നിന്ന് തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും സ്വാമിനാഥന്‍ പറഞ്ഞു.
അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം തള്ളി എം.എല്‍.എ രംഗത്തെത്തി. താന്‍ ആരേയും നിര്‍ബന്ധിച്ച് വിവാഹം കഴിച്ചിട്ടില്ലെന്ന് പ്രഭു ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഞങ്ങള്‍ പ്രണയത്തിലായിട്ട് നാല് മാസമേ ആയിട്ടുള്ളൂ. ഞാന്‍ സൗന്ദര്യയെ തട്ടിക്കൊണ്ട് വന്നുവെന്നാണ് ആരോപണം. ഇതെല്ലാം പച്ചക്കള്ളമാണ്, പ്രഭു പറഞ്ഞു.
പ്രണയത്തിലാണെന്നും വിവാഹം ചെയ്ത് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാരെ താന്‍ സമീപിച്ചിരുന്നു. എന്നാല്‍ സൗന്ദര്യയുടെ വീട്ടുകാര്‍ വിവാഹം ചെയ്ത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ തന്റെ വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം കഴിക്കാന്‍ തിരുമാനിക്കുകയായിരുന്നു, എംഎല്‍എ പറഞ്ഞു.
ഞാന്‍ അവളെയോ അവളുടെ കുടുംബത്തെയോ ഭീഷണിപ്പെടുത്തിയിട്ടില്ല, വിവാഹത്തിനായി നിര്‍ബന്ധിച്ചിട്ടില്ല. ഞങ്ങള്‍ പ്രണയത്തിലായി, പരസ്പരം വിവാഹം കഴിച്ചു, ‘അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നു. വീഡിയോയില്‍ സൗന്ദര്യ എംഎല്‍എയുടെ തൊട്ടടുത്ത് ഇരിക്കുന്നുണ്ടെങ്കിലും അവര്‍ ഇതിനോടൊന്നും പ്രതികരിച്ചില്ല.