തിരുവനന്തപുരം: ദിവ്യ എസ് അയ്യര്‍ ഐഎഎസിനെതിരെ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനാണ് പരാതി നല്‍കിയത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുളള ദിവ്യയുടെ പോസ്റ്റിന് പിന്നാലെയാണ് നടപടി
ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968-ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടത്തിന് എതിരായാണ് ദിവ്യ പ്രവര്‍ത്തിച്ചതെന്നും അത് രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരായിട്ടുളളതാണെന്നും പരാതിയില്‍ പറയുന്നു. ദിവ്യ എസ് അയ്യര്‍ വാക്കുകൊണ്ട് ഷൂ ലൈസ് കെട്ടിക്കൊടുക്കുകയാണെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുളള പ്രീണനമാണ് ദിവ്യ നടത്തിയതെന്നും വിജില്‍ മോഹനന് പറഞ്ഞു. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്നും വിജില്‍ വ്യക്തമാക്കി.