കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിലെത്തിയ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമില്ല.

വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാന്‍ അദ്ദേഹത്തിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. വൈകുന്നേരം ആറ് മണിയോടെ ഹാജരാവാനായിരുന്നു നിര്‍ദേശം നല്‍കിയത്. ഇതിന് അല്‍പസമയത്തിന് ശേഷമാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കസ്റ്റംസ് വാഹനത്തിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ പലതവണ ചോദ്യം ചെയ്ത ശിവശങ്കരിന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ശിവശങ്കര്‍ കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം തേടാനുള്ള ശ്രമവും നടത്തിയിരുന്നു. ഇതേ തുടരന്‍ന് ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടു പിന്നാലെ ചോദ്യം ചെയ്യലിനായി എം ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റില്‍ ഹാജരാവുകയും ചെയ്തു.
2016 മുതലുള്ള വിദേശ യാത്രകളുടെ രേഖകളുമായി ഹാജരകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എം ശിവശങ്കര്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി അന്വേഷണവുമായി സഹകരിക്കുകയാണെന്നും വീണ്ടും ഹാജരായാല്‍ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കരുതെന്നുമായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.