തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ തന്നെ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ ലാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗണേഷിന്റെ സെക്രട്ടറിയായ പ്രദീപ് കുമാര്‍ വിപിനെ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ കേസില്‍ പള്‍സര്‍ സുനിയ്ക്ക് കത്തെഴുതി കൊടുത്ത സംഭവത്തെ കുറിച്ചും എം.എല്‍.എയുടെ ഭീഷണിയെകുറിച്ചും വിപിന്‍ ലാല്‍ പ്രതികരിച്ചു.

തിരുവനന്തപുരം ലോ കോളേജില്‍ എല്‍എല്‍ബിക്ക് പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് താന്‍ ജയിലിലായതെന്ന് വിപിന്‍ ലാല്‍ പറയുന്നു.ജയിലിലെ വെല്‍ഫെയര്‍ ഓഫീസര്‍ തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആക്കി. തുടര്‍ന്ന് തടവുകാര്‍ക്ക് ഹര്‍ജി എഴുതിക്കൊടുക്കുക, അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കുക തുടങ്ങിയ ജോലി തന്റെ ആയെന്നും വിപിന്‍ പറഞ്ഞു. പള്‍സര്‍ സുനി സ്വന്തമായി ഒരു കത്ത് എഴുതിയിരുന്നു. എന്നാല്‍ അതിലെ അക്ഷരങ്ങള്‍ വ്യക്തമായിരുന്നില്ല.

ഇതോടെയാണ് തന്നോട് കത്ത് എഴുതി നല്‍കാന്‍ പള്‍സര്‍ സുനി ആവശ്യപ്പെട്ടത്. ജയിലില്‍ സഹതടവുകാര്‍ പറയുന്നത് കേള്‍ക്കാതിരുന്നാല്‍ പിന്നീട് നമ്മള്‍ അവരുടെ ശത്രുവാകും. തുടര്‍ന്നാണ് അവിടെയുള്ള അസിസ്റ്റന്റ് സൂപ്രണ്ടിന്റെ അനുമതിയോടെ താന്‍ കത്തെഴുതി നല്‍കാന്‍ തയ്യാറായത്. സുനി പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് താന്‍ കത്തില്‍ എഴുതിയിരിക്കുന്നതെന്ന് വിപിന്‍ ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.
സെന്‍ട്രല്‍ ജയിലില്‍ ഉള്ളപ്പോള്‍ തന്നെ ജാമ്യത്തില്‍ ഇറക്കാനുള്ള ശ്രമങ്ങളും അവര്‍ നടത്തിയിരുന്നുവെന്നും വിപിന്‍ ലാല്‍പറഞ്ഞു. വീട് വെയ്ക്കാന്‍ സഹായിക്കാമെന്നും പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാമ്പത്തിക പിന്തുണ നല്‍കാമെന്നുള്ള വാഗ്ദാനങ്ങളെല്ലാം നല്‍കിയിരുന്നു. ഇതിനൊന്നും വഴങ്ങാതിരുന്നപ്പോഴായിരുന്നു ഭീഷണി. താന്‍ ഭയന്ന് മൊഴി മാറ്റുമെന്നായിരിക്കാം അവര്‍ വിചാരിച്ചിരുന്നത്. പോലീസിനെ സമീപിക്കുമെന്ന് അവര്‍ ചിന്തിച്ച് കാണില്ല.
ഒരു പെണ്‍കുട്ടിയാണ് ഈ കേസില്‍ ഇരയായിട്ടുള്ളത്. ഒരു കാരണവശാലും മൊഴി മാറ്റരുതെന്ന് എന്റെ അമ്മ എന്നോട് ആവശ്യപ്പെട്ടുവെന്നും വിപിന്‍ പറയുന്നു. പലരേയും ഇത്തരത്തില്‍ അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും. എല്ലാം ആസൂത്രിതമായിട്ടാണ് അവര്‍ നീക്കുന്നത്. ഭയം കാരണമായിരിക്കാം ആളുകള്‍ തുറന്ന് പറയാത്തത്. തനിക്കും ആദ്യം ഭയം തോന്നിയിരുന്നു. എന്നാല്‍ നമുക്കും ജീവിക്കാന്‍ അവകാശമില്ലേയെന്നാണ് ഞാന്‍ ചിന്തിച്ചത്, വിപിന്‍ പറഞ്ഞു.
ഒന്നുകില്‍ എം.എല്‍.എ അല്ലെങ്കില്‍ ദിലീപ് ഇവരില്‍ ആരോ ഒരാള്‍ ആവശ്യപ്പെട്ടിട്ടാണ് ഇയാള്‍ എന്നെ കാണാന്‍ ഇവിടെ വരുന്നത്. ദിലീപ് ജയിലില്‍ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലില്‍ ഗണേശ് കുമാര്‍ പോയി കണ്ടിട്ടുണ്ട്. ഇരുവരുടേയും ബന്ധം ഇതില്‍ നിന്ന് തന്നെ വ്യക്തമാണല്ലോയെന്നും വിപിന്‍ ലാല്‍ ചോദിച്ചു.