ഗ്ലോബല്‍ ഇന്ത്യന്‍ സ്‌പെഷല്‍

കോട്ടയം: യു.ഡി.എഫ് പ്രവേശനം പാളിയതോടെ രണ്ടും കല്‍പ്പിച്ച് നില്‍ക്കുകയാണ് പി.സി ജോര്‍ജ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരുപാട് മോഹങ്ങളുള്ള പി.സി ചില പുതിയ സമവാക്യങ്ങളുണ്ടാക്കാനുള്ള തത്രപ്പാടിലുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്, വലത്, ബി.ജെ.പി മുന്നണികളെയെല്ലാം വെല്ലുവിളിച്ച് പൂഞ്ഞാറില്‍ നിന്നും ഒറ്റക്ക് മത്സരിച്ച് വിജയിച്ച വ്യക്തിയാണ് പി.സി.

നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ച പി.സി ഇടക്കാലത്ത് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് ഒപ്പം ചേര്‍ന്നെങ്കിലും അധികം വൈകാതെ ആ ബന്ധം അറ്റു. പിന്നെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി യു.ഡി.എഫില്‍ ചേക്കാറാനുള്ള നീക്കമായിരുന്നു. എന്നാല്‍ അത് നടക്കില്ലെന്ന് ഉറപ്പായതോടെ തന്റെ ജനപക്ഷം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ മുന്നണി രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് പി.സി ജോര്‍ജ്.
ജോസ് കെ മാണിയുടെ മുന്നണി മാറ്റം കോട്ടയം ജില്ലയില്‍ വലിയ പ്രതിസന്ധിയാണ് യു.ഡി.എഫില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെയാണ് എക്കാലത്തും കൂടെ നിന്നിരുന്ന ജില്ലയിലെ മേധാവിത്വം തുടരാനായി പി.സി ജോര്‍ജ് അടക്കമുള്ള നേതാക്കളെ മുന്നണിയിലേക്ക് എത്തിക്കുക എന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ഉയര്‍ന്ന് വന്നത്. പൂഞ്ഞാറിലേയും പാലാ മണ്ഡലത്തിലും പി.സി ജോര്‍ജിന് സ്വാധീനം ഉള്ളതാണ് കോണ്‍ഗ്രസിനെ അദ്ദേഹത്തെ മുന്നണിയിലേക്ക് തിരികെ എത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. യു.ഡി.എഫ് പ്രവേശനത്തിനുള്ള ആഗ്രഹം പി.സി ജോര്‍ജും പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും യു.ഡി.എഫ് പ്രാദേശിക ഘടകത്തില്‍ നിന്നും വലിയ എതിര്‍പ്പായിരുന്നു.
തന്റെ യു.ഡി.എഫ് പ്രവേശനത്തിന് തടയിട്ടത് ഉമ്മന്‍ചാണ്ടിയാണെന്ന് പി.സി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും തന്റെ മുന്നണി പ്രവേശനത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും എ ഗ്രൂപ്പ് എതിര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു മുന്നണിയിലേക്കും ഇല്ലെന്ന് വ്യക്തമാക്കിയതോടെ തന്റെ നേതൃത്വത്തിലുള്ള നാലാം മുന്നണിയെന്ന സ്വപ്നം പൊടിതട്ടിയെടുക്കാനുള്ള നീക്കത്തിലാണ് പി.സി. ഡി.എച്ച്.ആര്‍.എം, ബി.എസ്.പി ഉള്‍പ്പടെ ഒട്ടനവധി സംഘടനകള്‍ പുതിയ കൂട്ടായ്മയിലുണ്ടെന്നും പുതിയ മുന്നണിയെ പറ്റിയുള്ള വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ഒഗസ്റ്റില്‍ പി.സി അഭിപ്രായപ്പെട്ടിരുന്നു.
മൂന്നുമുന്നണികളോടുമുള്ള അസംതൃപ്തി പുലര്‍ത്തുന്നവരെ കൂട്ടിച്ചേര്‍ത്താകും മുന്നണി ഉണ്ടാക്കുകയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. വിശ്വകര്‍മജര്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ മുന്നണിയിലുണ്ടാകുമെന്നും കേരളത്തിലെ 140 മണ്ഡലങ്ങളിലും മുന്നണിക്ക് സ്ഥാനാര്‍ഥിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ജനപക്ഷം പാര്‍ട്ടി അതില്‍ അഞ്ചോ ആറോ സീറ്റില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പി.സി പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമ്പോള്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ പാലായില്‍ മത്സരിപ്പിക്കാനാണ് നീക്കം. പൂഞ്ഞാറില്‍ മത്സരിക്കുമെന്നും ഒറ്റയ്ക്ക് ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.സി ജോര്‍ജ് പുതിയ മുന്നണിയുമായി രംഗത്ത് വരുമ്പോള്‍ കോട്ടയത്തെ ഏതാനും മണ്ഡലത്തിലെങ്കിലും ഇരുമുന്നണികള്‍ക്കും ആശങ്കയുണ്ട്. പൂഞ്ഞാര്‍ സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമം യു.ഡി.എഫും എല്‍.ഡി.എഫും ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്.