ഗ്ലോബല്‍ ഇന്ത്യന്‍ സ്‌പെഷല്‍

എറണാകുളം: ഏപ്രിലില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വിവിധ കക്ഷികള്‍ തുടങ്ങിയിട്ടുണ്ട്. അനൗപചാരികമായ ചര്‍ച്ചകളാണെങ്കിലും എറണാകുളത്തും യു.ഡി.എഫ് ക്യാമ്പുകള്‍ സജീവം തന്നെ. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും യു.ഡി.എഫിന് നല്‍കിയ ജില്ല കൂടിയായി എറണാകുളം. അതേസമയം യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് കൊണ്ട് കോണ്‍ഗ്രസ് തട്ടകങ്ങളില്‍ ഉള്‍പ്പെടെ മികച്ച മുന്നേറ്റം കാഴ്ച വെയ്ക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ ഇറക്കി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. വനിതാ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടെ ഇറക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് കോണ്‍ഗ്രസ് നീക്കം. 14 മണ്ഡലങ്ങള്‍

ജില്ലയില്‍ പതിനാല് മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ യു.ഡി.എഫില്‍ 11 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ആണ് മത്സരിക്കുന്നത്. ഇവയില്‍ കഴിഞ്ഞ തവണ പരാജയം രുചിച്ച നാല് മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. കൊച്ചി, വൈപ്പിന്‍, മൂവാറ്റുപുഴ, തൃപ്പൂണിത്തറ എന്നിവയാണ് നാല് മണ്ഡലങ്ങള്‍. ഇത്തവണ ഇവിടെ മത്സരം കടുക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ കൊച്ചി മണ്ഡലത്തില്‍ കഴിഞ്ഞ തവണ 1086 വോട്ടിനാണ് ഡൊമനിക് പ്രസന്റേഷന്‍ പരാജയം രുചിച്ചത്. വിമത ശബ്ദവും സഭ നിലപാടുമായിരുന്നു തിരിച്ചടിയായത്. യു.ഡി.എഫ് വിമതനായ കെജെ ലീനസിന് 7558 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ പക്ഷേ മണ്ഡലത്തിലേക്ക് മത്സരിക്കാനില്ലെന്ന് ഡൊമനിക് വ്യക്തമാക്കി കഴിഞ്ഞു.
ഒരു വട്ടം കൂടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം ഉണ്ടെങ്കിലും വൈപ്പിനിലാണ് ഡൊമനിക് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ലത്തീന്‍ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന് ഡൊമനിക് കരുതുന്നു. അതേസമയം കൊച്ചിയില്‍ ടോമിണി ചമ്മിണിയുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. മുന്‍ കൊച്ചി മേയര്‍ കൂടിയായ ചമ്മിണി പുതുമുഖമാണെന്നും അനുകൂല ഘടകമായി പാര്‍ട്ടി വിലയിരുത്തുന്നുണഅട്. തൃപ്പൂണിത്തുറ സീറ്റിനായി മുന്‍ മന്ത്രി കെ ബാബു തന്നെ സജീവമായി രംഗത്തുണ്ട്.എന്നാല്‍ സി.പി.എം വീണ്ടും എം സ്വരാജിനെ മത്സരിപ്പിച്ചാല്‍ കെ ബാബുവിന് സീറ്റ് നല്‍കേണ്ടതില്ലെന്നാണ് ചില നേതാക്കളുടെ വികാരം.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബാര്‍ കോഴ വിഷയത്തില്‍ കെ ബാബു ആരോപണങ്ങള്‍ നേരിടവെയാണ് മണ്ഡലത്തില്‍ യുവ നേതാവായ സ്വാരജിനെ ഇറക്കാന്‍ സിപിഎം തിരുമാനിച്ചത്.സി.പി.എമ്മിന്റെ കണക്ക് കൂട്ടല്‍ പിഴച്ചില്ലെന്ന് മാത്രമല്ല 4467 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എം സ്വരാജ് വിജയിച്ച് കയറുകയും ചെയ്തു. ഇക്കുറിയും സ്വരാജ് തന്നെയാകും ഇവിടെ സി.പി.എം സ്ഥാനാര്‍ത്ഥി. അങ്ങനെയെങ്കില്‍ യു.ഡി.എഫില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി എബി സാബുവായിരിക്കും മത്സരിച്ചേക്കുക. സീറ്റിനായി സാബു ചരടുവലികള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന വൈപ്പിനില്‍ നിരവധി പേരാണ് ഇത്തവണ യു.ഡി.എഫില്‍ രംഗത്തുള്ളത്.
ഡൊമനിക് പ്രസന്റേഷനെ കൂടാതെ കെപി ധവപാലന്‍, കെവി തോമസ് എന്നിവരാണ് സീറ്റിനായി അവകാശം ഉയര്‍ത്തുന്നത്. നിലവില്‍ എല്‍.ഡി.എഫിന്റെ എസ് ശര്‍മ്മയാണ് വൈപ്പിനിലെ എം.എല്‍.എ. ഇത്തവണ മത്സരത്തിന് ശര്‍മ്മ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.ആറ് തവണ മത്സരിച്ച വ്യക്തിയാണ് ശര്‍മ്മ. ഇത്തവണ പുതുമുഖത്തെ ഇറക്കി പരീക്ഷിക്കാനോ അല്ലേങ്കില്‍ മണ്ഡലം സിപിഐയുമായി വെച്ച് മാറോ എല്‍ഡിഎഫില്‍ ആലോചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വൈപ്പിനില്‍ വലിയ മുന്നേറ്റമായിരുന്നു എല്‍.ഡി.എഫ് കാഴ്ചവെച്ചത്. ഇവിടെ യു.ഡി.എഫില്‍ നിന്ന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയേയും പ്രതീക്ഷിക്കപ്പെടുന്നുമഅട്.
മൂവാറ്റുപുഴ സീറ്റിനായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജോണി നെല്ലൂരിനെ ഇവിടെ മത്സരിപ്പിക്കാനാണ് ജോസഫ് വിഭാഗം ഒരുങ്ങുന്നത്. മത്സരിക്കാനുള്ള താത്പര്യം ജോണി നെല്ലൂര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ജോസഫ് വാഴയ്ക്കാനാണ് സീറ്റില്‍ സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നത്. മാത്യു കുഴല്‍നാടന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ പേരും മണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. അതേസമയം ഇത്തവണ ഒരു വനിതയ്‌ക്കെങ്കിലും ഈ നാല് മണ്ഡലങ്ങളില്‍ സീറ്റ് നല്‍കണമെന്നതാണ് കോണ്‍ഗ്രസില്‍ ഉയരുന്ന വികാരം.
കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിന്‍, കൗണ്‍സിലറായിരുന്ന ഷൈനി മാത്യു, സിമി റോസ്‌ബെന്‍ എന്നീ വനിതാ നേതാക്കളുടെ പേരാണ് ചര്‍ച്ചയാകുന്നത്. സ്ത്രീകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസും നേരത്തേ ആവശ്യം ഉയര്‍ത്തിയിരുന്നു.