ഗ്ലോബല്‍ ഇന്ത്യന്‍ സ്‌പെഷല്‍

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും സീറ്റ് മോഹങ്ങളും വിലപേശലുകളും രാഷ്ട്രീയ ഉപശാലകളില്‍ തകൃതിയായി നടക്കുന്നു. ഇപ്പോള്‍ ശ്രദ്ധേയമാകുന്ന കാര്യം ജോസ് കെ മാണിയും സി.പി.എമ്മും തമ്മിലുള്ള സീറ്റ് പിടിവലിയാണ്. ഇടതുമുന്നണി കൂടാരത്തിലെത്തിയപ്പോള്‍, 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 13 സീറ്റ് വേണം എന്ന ആവശ്യമാണ് ജോസ് വിഭാഗം ഉന്നയിച്ചത്. അതോടൊപ്പം ജോസ് കെ മാണി രാജിവെയ്ക്കുന്ന രാജ്യസഭ സീറ്റും. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നടത്തിയ മിന്നും പ്രകടനത്തോടെ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദത്തിന് ഒരുങ്ങുകയാണ് ജോസ് വിഭാഗം. 15 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. പക്ഷേ ജോസ് വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ചുമ്മാ അങ്ങ് സാധിച്ചുകൊടുക്കേണ്ടെന്നാണ് സി.പി.എം നിലപാട്.

ജോസിനേയും കൂട്ടരേയും മെരുക്കാന്‍ സി.പി.എം ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ടതേ. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ 15 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, തൊടുപുഴ, ഇടുക്കി, തിരുവല്ല, കുട്ടനാട്, കോതമംഗലം, ഇരിങ്ങാലക്കുട, ആലത്തൂര്‍ പേരാമ്പ്ര, തളിപ്പറമ്പ് എന്നിവയായിരുന്നു ആ സീറ്റുകള്‍.
ഈ സീറ്റുകളെല്ലാം ഇത്തവണയും വേണമെന്നാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. അതേസമയം സീറ്റുകള്‍ വെച്ച് മാറാന്‍ തയ്യാറാണെന്നും ജോസ് ക്യാമ്പ് നിലപാട് അറിയിച്ചിട്ടുണ്ട്. അതേസമയം കേരള കോണ്‍ഗ്രസ് എം മത്സരിച്ച 15 സീറ്റുകള്‍ തങ്ങള്‍ക്കും വേണമെന്ന് പി.ജെ ജോസഫ് വിഭാഗം യു.ഡി.എഫിലും ആവശ്യപ്പെട്ടിട്ടുണ്ട്. ജോസിന്റേയും ജോസഫിന്റേയും ആവശ്യങ്ങള്‍ ഇരുമുന്നണികളും തള്ളിയിരിക്കുകയാണെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
ഇരിക്കൂര്‍ അല്ലെങ്കില്‍ പേരാവൂര്‍, പിറവം അല്ലേങ്കില്‍ പെരുമ്പാവൂര്‍, ഇരിങ്ങാലക്കുടയ്ക്ക് പകരം തിരുവമ്പാടിയോ കുറ്റിയാടിയോ കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓരോ സീറ്റ് വീതം വേണമെന്ന് ജോസ് പക്ഷം വാശിപിടിക്കുന്നു. കോട്ടയം ജില്ലയില്‍ രണ്ട് സീറ്റുകള്‍ കൂടി അധികമായി വേണം. എന്നാല്‍11 സീറ്റുകള്‍ ജോസിന് നല്‍കാമെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
പാലായ്ക്ക് വേണ്ടി എന്‍.സി.പി നേതൃത്വം എത്ര കടുംപിടിത്തം കാണിച്ചാലും സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തന്നെയാണ് എല്‍.ഡി.എഫ് തിരുമാനം. കാപ്പനെ അനുനയിപ്പിച്ച് കുട്ടനാട് മണ്ഡലത്തില്‍ മത്സരിപ്പിച്ച് കഴിഞ്ഞാല്‍ പാലായില്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം അനായാസം നേടിയെടുക്കാമെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത്. ഇവിടെ ജോസ് കെ മാണിയാകും ഗോദയില്‍. കടുത്ത മത്സരത്തിന് വഴിയൊരുങ്ങിയാല്‍ ജോസ് ഇവിടെ മത്സരിക്കേണ്ടതില്ലെന്ന പൊതുവികാരം കേരള കോണ്‍ഗ്രസില്‍ ഉണ്ട്. അങ്ങനെയെങ്കില്‍ സുരക്ഷിത മണ്ഡലം എന്ന നിലയില്‍ ജോസ് കടുത്തുരുത്തിയിലേക്ക് മാറും. പകരം റോഷി അഗസ്റ്റിന്‍ ആകും പാലായില്‍ മത്സരിക്കുക.
പാലാ കൂടാതെ കോട്ടയത്ത് കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ സീറ്റുകള്‍ കൂടി ജോസ് പക്ഷത്തിന് ലഭിക്കും. കടുത്തിരുത്തില്‍ ജോസ് മത്സരിക്കുന്നില്ലെങ്കില്‍ ഇവിടെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആകും സ്ഥാനാര്‍ത്ഥി. സിറിയക് ചാഴിക്കാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ഡ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി തുടങ്ങിയവരുടെ പേരുകളും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്.
പി.സി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ഇത്തവണ അട്ടിമറി പലതും പ്രതീക്ഷിക്കുന്നതിനാല്‍ അതിന് അനുസരിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം. പൂഞ്ഞാറില്‍ കടുത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ജോര്‍ജ് അല്ലെങ്കില്‍ മകന്‍ ഷോണ്‍ ജോര്‍ജ് ആയിരിക്കും ഇവിടെ സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസില്‍ മുന്‍ പി.എസ്.സി അംഗം പ്രഫ. ലോപ്പസ് മാത്യു, കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയാകുന്നത്.
കാഞ്ഞിരപ്പള്ളി സി.പി.ഐയുടെ സീറ്റാണെങ്കിലും അവര്‍ സീറ്റ് വിട്ട് നല്‍കിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കാഞ്ഞിരപ്പള്ളിയ്ക്ക് പകരം മറ്റ് വിജയ സാധ്യത ഉള്ള മണ്ഡലങ്ങള്‍ സംബന്ധിച്ച് സി.പി.ഐയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ എന്‍ ജയരാജ് തന്നെയാകും സ്ഥാനാര്‍ത്ഥി. സി.എഫ് തോമസിന്റെ സീറ്റായ ചങ്ങനാശേരിയില്‍ മൂന്ന് നേതാക്കളുടെ പേരുകള്‍ പരിഗണിക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലയില്‍ റാന്നിയാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ട മറ്റൊരു സീറ്റ്. ഇത് അവര്‍ക്ക് നല്‍കിയേക്കും. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്‍.എം രാജു, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരുടേ പേരാണ് പരിഗണിക്കുന്നത്. അഞ്ച് തവണ സി.പി.എമ്മിലെ രാജു എബ്രഹാം വിജയിച്ച മണ്ഡലമാണ് റാന്നി. ഇത് ജോസ് പക്ഷത്തിന് കൊടുത്താല്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന. പ്രാദേശികള്‍ നേതാക്കള്‍ ഇപ്പോള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
റോഷി അഗസ്റ്റിന്‍ വിജയിച്ച ഇടുക്കി സീറ്റും ജോസ് പക്ഷത്തിന് തന്നെയാണ്. റോഷി പാലായില്‍ മത്സരിച്ചാല്‍ മറ്റ് മികച്ച സ്ഥാനാര്‍ത്ഥികളെ കേരള കോണ്‍ഗ്രസ് ഇവിടെ തേടുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്‌സി കോഴിമലയുടെ പേരാണ് ഇവിടെ ചര്‍ച്ചയാകുന്നത്. പിറവം, കുറ്റിയാടി സീറ്റുകളും ജോസ് പക്ഷത്തിന് തന്നെ ലഭിക്കും. തൃശൂര്‍ ജില്ലയില്‍ ബിഡി ദേവസ്സിയിലൂടെ മൂന്ന് തവണ സിപിഎം വിജയിച്ച ചാലക്കുടിയ്ക്കായി ജോസ് ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും വിട്ട് നല്‍കിയേക്കില്ല. മലബാറില്‍ രണ്ട് സീറ്റുകളാണ് നല്‍കിയേക്കും. ഒന്ന് തിരുവമ്പാടിയും കണ്ണൂരില്‍ തളിപ്പറമ്പിന് പകരം ഇരിക്കൂറും.