കോട്ടയം: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ജോസ് കെ മാണി വിഭാഗത്തിനായി വാതില്‍ തുറന്ന് എല്‍ഡിഎഫ്. അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ട സീറ്റുകളുടെ കാര്യത്തില്‍ ജോസ് വിഭാഗവും ഇടതുമുന്നണിയും തമ്മില്‍ ധാരണയായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്ത് വിട്ടു തരാന്‍ എല്‍ഡിഎഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ മാത്രം അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫ് ജോസ് വിഭാഗത്തിന് വിട്ടു നല്‍കും. കാഞ്ഞിരപ്പള്ളിയും പാലായും അടക്കമുള്ള സീറ്റുകള്‍ വിട്ടു തരും എന്നാണ് എല്‍ഡിഎഫിന്റെ വാഗ്ദാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച സീറ്റുകളും ജോസ് പക്ഷത്തിന് തന്നെ നല്‍കാം എന്നു എല്‍ഡിഎഫ് നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്.

സീറ്റുകളുടെ കാര്യത്തില്‍ ഏകദേശ ധാരണയായതോടെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനകം ജോസ് കെ മാണി നടത്തും. പാലായില്‍ ചേര്‍ന്ന ജോസ് കെ മാണി വിഭാഗം സംസ്ഥാന നേതാക്കളുടെ യോഗത്തിന് ശേഷം ജോസും നേതാക്കളുടെ കെ എം മാണിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി. കേരള കോണ്‍ഗ്രസ് ഓഫിസിന്റെ ബോര്‍ഡ് മാറ്റി മാണിയുടെ ചിത്രം വച്ചുള്ള പുതിയ ബോര്‍ഡ് സ്ഥാപിച്ചു. രണ്ടില ചിഹ്നം ഒഴിവാക്കിയിട്ടുണ്ട്. പതിനൊന്ന് മണിക്ക് ജോസ് കെമാണി മാധ്യമങ്ങളെ കണ്ടു.
എല്‍ഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയാണ് അറിയിച്ചത്. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണിയാണെന്ന് ജോസ് കെ. മാണി പറഞ്ഞു. താന്‍ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കും.
കോണ്‍ഗ്രസിലെ ചില നേതാക്കളില്‍നിന്ന് കേരള കോണ്‍ഗ്രസ് കടുത്ത അനീതി നേരിട്ടുവെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. യുഡിഎഫ് പുറത്താക്കിയതിനുശേഷം സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. പി ജെ ജോസഫ് നീചമായ വ്യക്തിഹത്യ ചെയ്തു. 38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കെ എം മാണി ഭാഗമായിരുന്നു. മാണിയുടെ രാഷ്ട്രീയത്തേയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു.
എംഎല്‍എ റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നേതൃയോഗം നീണ്ടുപോയത്. ഇടതുവിഭാഗവുമായി ജോസ് കെ മാണി ചര്‍ച്ച നടത്തിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനുമായി ചര്‍ച്ച നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സിപിഐയും എന്‍സിപിയും കേരള കോണ്‍ഗ്രസ് പ്രവേശനത്തിന് എതിരാണ്. പാല സീറ്റ് വിട്ടുകൊടുക്കാന്‍ ആകില്ലെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പാലാ സീറ്റിനെ ചൊല്ലി തര്‍ക്കം തുടരുന്നതിനിടെ മാണി സി കാപ്പനും മാധ്യമങ്ങളെ കാണും എന്നറിയിച്ചിട്ടുണ്ട്. പാലാ സീറ്റ് വിട്ടു കൊടുക്കും എന്ന് എല്‍ഡിഎഫ് ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ മാണി സി കാപ്പന്റെ തുടര്‍നിലപാട് എന്തെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് സൂചന.