കോട്ടയം: ജോസ് കെ മാണിയും കൂട്ടരും മുന്നണി വിട്ടതിന്റെ പരിക്ക് തീര്‍ക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് യു.ഡിഎ.ഫ് നേതൃത്വം. ജോസ് പോയത് മുന്നണിക്ക് തിരിച്ചടിയാവില്ലെന്ന് പി.ജെ ജോസഫ് അവകാശപ്പെടുന്നുണ്ടെങ്കിലും അട്ടിത്തട്ട് മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നിര്‍ദേശം. പാലായുള്‍പ്പടെ കോട്ടയം ജില്ലയിലെ പല മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് മുന്നണിക്ക് തിരിച്ചടിയായേക്കും എന്ന വലിയിരുത്തല്‍ യു.ഡി.എഫിനുണ്ട്. ഇതിനെ നേരിടാനുള്ള മാര്‍ഗ്ഗങ്ങളാണ് കോണ്‍ഗ്രസും ജോസഫും തേടുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായ ഒരു നീക്കമായാണ് ജോസ് കെ മാണിയുടെ സഹോദരി ഭര്‍ത്താവ് എംപി ജോസഫിനെ കളത്തിലിറക്കാന്‍ നടത്തുന്നത്.

ജോസിന്റെ ഇടത് പ്രവേശനത്തെ എതിര്‍ത്ത വ്യക്തിയാണ് എം.പി ജോസഫ്. ജോസ് കെ മാണിക്ക് എല്‍.ഡി.എഫില്‍ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരും. സിപിഎമ്മുമായി സഹകരിക്കുന്നത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ലെന്നുമായിരുന്നു എം.പി ജോസഫ് നേരത്തെ അറിയിച്ചത്. ഇതിന് പിന്നാലെ യു.ഡി.എഫ് ആവശ്യപെട്ടാല്‍ പാലായില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി എം.പി ജോസഫ് വീണ്ടും രംഗത്തെത്തി. കെ.എം മാണി ഉണ്ടായിരുന്നെങ്കില്‍ എല്‍ ഡി എഫിലേക്ക് പോകാന്‍ അനുവദിക്കില്ലായിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പിജെ ജോസഫ് നിര്‍ദ്ദേശിച്ചിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.

പി.ജെ ജോസഫുമായും എം.പി ജോസഫ് കൂടിക്കാഴ്ച നടത്തി. ജോസ് കെ മാണി ഇടതുമുന്നണിയില്‍ എത്തിയതോടെ പാലായില്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള നീക്കമാണ് എം.പി ജോസഫ് നടത്തുന്നത്. ഇടതുമുന്നണിയില്‍ എന്‍സിപി എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ടെങ്കിലും പാലാ സീറ്റില്‍ കേരള കോണ്‍ഗ്രസ് തന്നെയാവും മത്സരിക്കുക. രാജ്യസഭാ അംഗത്വം രാജിവെച്ച ജോസ് സ്ഥാനാര്‍ത്ഥിയാവും. അങ്ങനെയെങ്കില്‍ മാണിയുടെ കുടുംബത്തില്‍ നിന്നും ഒരാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാല്‍ അത് ജോസ് കെ മാണിക്ക് കടുത്ത തിരിച്ചടിയാവുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. എംപി ജോസഫ് കോണ്‍ഗ്രസുകാരാനാണെന്നുള്ളതും അനുകൂലഘടകമാണ്. എന്നാല്‍ മാണി സി കാപ്പന്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം
യു.ഡി.എഫില്‍ പാലാ സീറ്റിനായി പി.ജെ ജോസഫ് അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും എം.പി ജോസഫിനായി കോണ്‍ഗ്രസ് രംഗത്ത് വന്നാല്‍ അവര്‍ വഴങ്ങിയേക്കും. എംപി ജോസഫ് തങ്ങളോടൊപ്പം നില്‍ക്കണമെന്നാണ് ജോസഫിന്റെ താല്‍പര്യമെങ്കിലും അതിനുള്ള സാധ്യതയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ സ്വതന്ത്രന്‍ എന്നിവയിലേതെങ്കിലും ഒന്ന് മാത്രമായിരിക്കും അദ്ദേഹം തിരഞ്ഞെടുക്കുക. അതേ സമയം കൂടുതല്‍ ആളുകള്‍ ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുകയാണെന്നാണ് പി.ജെ ജോസഫ് പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ ആദ്യ പരിഗണന ജോസഫ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ലഭിച്ചേക്കില്ല. ജോസ് കെ. മാണിക്കെതിരെയുള്ള രാഷ്ട്രീയ വിജയത്തിനു എന്ത് വിട്ടുവീഴ്ചക്കും, തയ്യാറാണെന്നാണ് പി.ജെ ജോസഫ് വ്യക്തമാക്കുന്നത്.
ആരാണ് എം.പി ജോസഫ്..? 1978 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു എം.പി ജോസഫ്. അതിന് മുമ്പ് ഐ.പി.എസ് നേടിയ അദ്ദേഹം പരിശീലനത്തിന് ശേഷം ഐ.എ.എസ് എഴുതിയെടുക്കുകയായിരുന്നു. തൃശ്ശൂര്‍ സബ് കളക്ടറും എറണാകുളം ല്‌ലാ കളക്ടറുമായിരുന്ന ജോസഫ് സംസ്ഥാനത്തെ ഉന്നതമായ പല പദവികളും വഹിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയുടെ ഗ്ലോബല്‍ ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിലും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും സോളിഡ് സ്‌റ്റേറ്റ് ഫിസിക്‌സിലും ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് അദ്ദേഹം.
ആറ് വര്‍ഷക്കാലം സംസ്ഥാന ലേബര്‍ കമ്മിഷണറായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ഈ പദവിയിലിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഓവര്‍സീസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, പ്ലാനിംഗ് ബോര്‍ഡിന്റെ എംപ്ലോയ്‌മെന്റ് ആന്‍ഡ് സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിന്റെ വിദഗ്ധ സമിതി ചെയര്‍മാന്‍, യുവാക്കളെ വൈദഗ്ധ്യമുള്ളവരാക്കി മാറ്റുന്നതിന് ഏറെ സഹായകരമായ എംപ്ലോയ്‌മെന്റ് ആന്‍ഡ് സ്‌കില്‍സ് ഡെവലപ്പ്‌മെന്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഇദ്ദേഹമാണ്.
1992ല്‍ അദ്ദേഹം ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനില്‍ അംഗമായി. ബാലവേലയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച അദ്ദേഹം നിര്‍ബന്ധിത സ്‌കൂള്‍ വിദ്യാഭ്യാസമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു.
കമ്പോഡിയയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ആ രാജ്യത്തെ ബാലവേല അവസാനിപ്പിക്കുന്നതിന് സഹായിച്ചു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ബാലവേല നിരോധിച്ച ആദ്യ രാജ്യമാണ് കമ്പോഡിയ. 2016ലായിരുന്നു ഇത്. ആ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പോഡിയ സര്‍ക്കാര്‍ അദ്ദേഹത്തിന് സഹമൈത്രി സേന പുരസ്‌കാരം നല്‍കി ആദരിച്ചു. സമകാലിക കമ്പോഡിയയുടെ ജീവിതാവസ്ഥകള്‍ വിവരിക്കുന്ന മൈ െ്രെഡവര്‍ തുലോംഗ് എന്ന ചെറുകഥാ സമാഹാരത്തിന്റെ രചയിതാവാണ്.
ഐക്യരാഷ്ട്ര സംഘടനയിലെയും സര്‍ക്കാരിലെയും ചുമതലകളില്‍ നിന്നും വിരമിച്ച ശേഷം മൂന്ന് വര്‍ഷം മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബൂത്ത് തലത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ചാനല്‍ ആയ ജയ്ഹിന്ദിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. അഖിലേന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സിന്റെ (എ.ഐ.പി.സി) ചെയര്‍മാനുമാണ് എം പി ജോസഫ്. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുന്ന സംഘടനയാണ് എ.ഐ.പി.സി.