പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെതിരെ മുസ്ലീംലീഗിലും കോണ്‍ഗ്രസ്സിലും വന്‍ പൊട്ടിത്തെറി. ഒപ്പം ജനരോഷവും ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ മന്ത്രിയാകാമെന്ന മോഹത്തോടെയാണ് അധികാരചിന്ത തലയ്ക്കുപിടിച്ച കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയ പുനഃപ്രവേശനം എന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. കണ്ണൂര്‍ എം.പി കെ.സുധാകരനും ഇത്തരത്തില്‍ ചിന്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ജനങ്ങളുടെ സമ്മതിദാനാവകാശം വാങ്ങി അഞ്ചു വര്‍ഷം ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ജനപ്രതിനിധിയായി അവരുടെ ശബ്ദം പാര്‍ലമെന്റില്‍ മുഴക്കേണ്ട ഉത്തരവാദിത്വപ്പെട്ടവര്‍ അധികാരത്തിനു പിന്നാലെ ഇങ്ങനെ ഓടിപ്പാഞ്ഞ് നടക്കുന്നത് അരോചകമാണ്. ഒരു വ്യക്തിയെ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിലൂടെ എം.പി സ്ഥാനത്ത് എത്തിക്കുന്നതിന് വലിയ ചിലവ് വഹിക്കേണ്ടതുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് പുല്ലു വില കല്‍പ്പിച്ചുകൊണ്ട് തല്‍സ്ഥാനം രാജി വച്ച് മറ്റ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനെ ഒരിക്കലും നീതീകരിക്കാനാവില്ല.

”അധികാരത്തെ ഭ്രാന്തായി എടുക്കരുതെന്നും അധികാരം വിട്ടൊഴിയാന്‍ ധൈര്യമുള്ളവന് മാത്രമേ അധികാരത്തില്‍ ശോഭിക്കാന്‍ സാധിക്കൂ…” എന്നുമുള്ള കെ.എം. ഷാജി എം.എല്‍.എയുടെ പ്രതികരണം ലീഗില്‍ വലിയ ചര്‍ച്ചക്കാണ് തിരികൊളുത്തിയിരിക്കുന്നത്. അധികാരം ഇല്ലെങ്കില്‍ നില്‍ക്കാനാകില്ല എന്ന ചിന്ത ലീഗ് നേതാക്കള്‍ക്ക് ഒരിക്കലുമുണ്ടായിരുന്നില്ലെന്നും എം.എല്‍.എ തുറന്നടിച്ചിട്ടുണ്ട്.
മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്തമെന്നും പുറത്തു നില്‍ക്കുന്നവനും ഒരുപാട് ഉത്തരവാദിത്തമുണ്ടെന്നും കെ.എം ഷാജി തുറന്നടിച്ചിട്ടുണ്ട്. എം.പി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പരോക്ഷ വിമര്‍ശനമായാണ് ഈ പ്രതികരണത്തെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. മുസ്ലീംലീഗില്‍ എം.കെ മുനീര്‍ വിഭാഗക്കാരനായാണ് കെ.എം ഷാജി അറിയപ്പെടുന്നത്. ലീഗില്‍ തലമുറ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന യൂത്ത് ലീഗ് നേതൃത്വത്തിന്റെ പിന്തുണയും ഈ വിഭാഗത്തിനാണുള്ളത്. കുഞ്ഞാലിക്കുട്ടിക്ക് പുറമെ രാജ്യസഭാംഗവും വ്യവസായിയുമായ പി.വി അബ്ദുള്‍ വഹാബും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇതും ലീഗിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ച ഘടകമാണ്.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാളയത്തിലെ പടയെ നേരിടേണ്ട അസാധാരണ സാഹചര്യമാണ് ലീഗ് നേതൃത്വത്തിന് നിലവിലുള്ളത്. റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകാനുള്ള സാധ്യതയും ഒരിക്കലും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവച്ചപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്ന വേങ്ങരയില്‍ ലീഗ് വോട്ടില്‍ 6,954 വോട്ടിന്റെ കുറവാണുണ്ടായിരുന്നത്. ലോകസഭ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ രാഹുല്‍ എഫക്ട് കൂടി പ്രതിഫലിച്ചതിനാല്‍ ആ ഭൂരിപക്ഷം കണക്കാക്കാനും കഴിയുകയില്ല. കുഞ്ഞാലിക്കുട്ടി വിരുദ്ധ തരംഗം ആഞ്ഞടിച്ച 2006ല്‍ ലീഗ് കോട്ടയായ കുറ്റിപ്പുറത്ത് കെ.ടി ജലീല്‍ ഇടതു പിന്തുണയോടെ നേടിയ അട്ടിമറി വിജയം ഇന്നും ലീഗിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന ഓര്‍മ്മ തന്നെയാണ്.
എം.പി സ്ഥാനം രാജിവച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ നിന്നു തന്നെ റിബലുകള്‍ ഉദയം ചെയ്താല്‍ കുഞ്ഞാലിക്കുട്ടി ശരിക്കും വിയര്‍ക്കും. അങ്ങനെ വന്നാല്‍ കുറ്റിപ്പുറം മോഡല്‍ തന്ത്രപരമായ സമീപനമായിരിക്കും ഇടതുപക്ഷവും സ്വീകരിക്കുക. കുഞ്ഞാലിക്കുട്ടിയുടെ രാജിയോടെ മലപ്പുറം ലോകസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പിനൊപ്പമാണ് നടക്കുവാന്‍ പോകുന്നത്. 2004 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ലീഗ് കോട്ടയായ അന്നത്തെ മഞ്ചേരി മണ്ഡലത്തില്‍ നിന്നും, 47,745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം നേതാവ് ടി.കെ ഹംസ അട്ടിമറി വിജയം നേടിയിരുന്നത്. 2009ല്‍ മണ്ഡലം ആകൃതിമാറി മലപ്പുറമായെങ്കിലും ഇടതുപക്ഷത്തെ ഒരിക്കലും എഴുതി തള്ളാന്‍ കഴിയുകയില്ല.
ഹംസയുടെ മഞ്ചേരി മാജിക്ക് പ്രചോദനമാക്കി ഇത്തവണ പൊരുതാന്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുന്ന മലപ്പുറം ലോകസഭ മണ്ഡലവും മത്സരിക്കാന്‍ പോകുന്ന വേങ്ങര മണ്ഡലവും പിടിച്ചെടുക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കാനാണ് ചുവപ്പിന്റെ തീരുമാനം. ലീഗില്‍ നിന്നും പ്രമുഖരായ ആരെങ്കിലും പുറത്ത് ചാടിയാല്‍ അവരെ മുന്‍ നിര്‍ത്തിയായിരിക്കും പരീക്ഷണം നടത്തുക. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഇടതുപക്ഷ സര്‍ക്കാറിന്റെ നിലപാടും മനുഷ്യ ശൃംഖലയുമെല്ലാം തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പ്രധാന പ്രചരണ വിഷയമാക്കും. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പോലും കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ കേരള മുഖ്യമന്ത്രിയുടെ കത്ത് വേണ്ടി വന്നതും സി.പി.എം ശരിക്കും ഉപയോഗപ്പെടുത്തും.