കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയ്ക്ക് പിന്തുണ നലല്‍കിക്കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ എബ്രഹാം മാത്യു എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുന്നു.

കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് ഇടപാട് നടക്കുമ്പോള്‍ പി.ടി തോമസ് എം.എല്‍.എയും സ്ഥലത്തുണ്ടായിരുന്നു. വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ടാണ് സ്ഥലത്തെത്തിയതെന്നാണ് എം.എല്‍.എയുടെ വിശദീകരണം. പി.ടി തോമസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തയാണിത്.

എബ്രഹാം മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ…
ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം ശവസംസ്‌കാര യാത്ര കാണാന്‍ അവസരമുണ്ടായ ഏക നേതാവാണ് പി.ടി തോമസ്. ഇടുക്കി എം.പിയായിരിക്കെ കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ ശുപാര്‍ശകള്‍ സംബന്ധിച്ച് അനുഭാവ പൂര്‍ണ്ണമായ നിലപാടെടുത്തു എന്നതായിരുന്നു പി.ടി തോമസിന്റെമേല്‍ വിവിധ െ്രെകസ്തവ സഭകളും കയ്യേറ്റ ലോബിയും ചുമത്തിയ കുറ്റം.
പ്രതീകാത്മക ശവസംസ്‌കാരം നടത്തി സഭ പ്രതികാരം തീര്‍ത്തു. ഏഴ് എഴുപതുവട്ടം ക്ഷമിക്കാന്‍ പഠിപ്പിക്കുന്ന വൈദികരും കന്യാസ്ത്രീകളും സ്ഥലം എം.പിയുടെ പേരില്‍ തീര്‍ത്ത ശവപ്പെട്ടിയുമായി ഏഴു മൈല്‍ നടന്നു. വിരണ്ടുപോയ കോണ്‍ഗ്രസ് നേതൃത്വം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പി.ടിക്ക് സീറ്റ് നിഷേധിച്ചു.
പകരം മത്സരിച്ച ഡീന്‍ കുര്യാക്കോസ്, ഗാഡ്ഗില്‍ വിരുദ്ധ, പി.ടി വിരുദ്ധ ചേരികളുമായി ഏറ്റുമൂട്ടി വീരചരമം പ്രാപിച്ചു. ഗാഡ്ഗിലിനുവേണ്ടിയുള്ള ഒറ്റുകാരന്‍ എന്ന് പി.ടി ആക്ഷേപിക്കപ്പെട്ടു. അയാളുടെ രാഷ്ട്രീയ ജീവിതം തീര്‍ന്നുവെന്ന് വിധിയെഴുതപ്പെട്ടു.
ഇന്നും ഓരോ പ്രളയമുണ്ടാകുമ്പോഴും മല പുകഞ്ഞ് ഉരുള്‍ പൊട്ടി ജനം ചത്തുമലക്കുമ്പോള്‍ പെട്ടിമുടികള്‍ പെട്ടിക്കടകള്‍ പോലെ ഒഴുകി മാറുമ്പോള്‍ ഗാഡ്ഗിലും പി.ടിയും പറഞ്ഞതില്‍ കുറച്ചൊക്കെ കാര്യമുണ്ടെന്ന് പറഞ്ഞ് വെറുതെ ഒന്നു റിച്ചിരിച്ച് അടുത്ത കുരിശുകൃഷിക്ക് ഈഴം നോക്കുന്നവര്‍ വീണ്ടും കമ്പിളി ചുറ്റി ഹൈറേഞ്ച് കയറുന്നു.
ഗാഡ്ഗിലിനോടും, കസ്തൂരിരംഗനോടുമൊക്കെ ഉള്ളുകൊണ്ട് ആഭിമുഖ്യമുള്ളവര്‍പോലും തുറന്നു പറയാന്‍ ഭയന്നു; വോട്ട് ബാങ്കാണ്; സ്വിസ്സ് ബാങ്കുപോലെ. കനത്ത വോട്ട് നിക്ഷേപമാണ്. പി. ടി. ഭയന്നില്ല. ഈ ഭയമില്ലായ്മയ്ക്ക്, നട്ടെല്ല് എന്നുപര്യായമുണ്ട്. യജമാനഭക്തി, ദാസ്യപ്പണി, ഷൂ നക്കല്‍, ചങ്കിലെ ചോര വിതരണം തുടങ്ങിയ പരമ്പരാഗത ശീലങ്ങള്‍ ഈ പര്യായപരിധിക്കുപുറത്താണ്. ഇടപെടുന്നവനോടാണ്, ഇ.ഡി.യുടെ വിളി കാത്തിരിക്കുന്നവനോടല്ല ആദരവുണ്ടാകുക.
പാര്‍ട്ടിയേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. തിരിഞ്ഞുനോക്കാതെ കിടന്ന സര്‍ക്കാര്‍ സ്‌കൂളുകളെ ഈട്ടി പബ്ലിക് സ്‌കൂളിനെക്കാള്‍ മുന്‍നിരയിലെത്തിച്ച കോഴിക്കോട്ടെ എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആത്മാര്‍പ്പണം കണ്ടപ്പോഴും പൊരിവെയിലില്‍ കിളച്ചും കള പറിച്ചും മുന്‍സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ പാഴ്‌നിലം പച്ചയാക്കാന്‍ വിയര്‍ക്കുന്നതു കണ്ടപ്പോഴും ആത്മാഭിമാനം തോന്നി. കസ്റ്റംസിനും ഇഡിക്കും കീഴിലല്ല സൂര്യനു കീഴിലേ ഇത്തരം സഖാക്കള്‍ വിയര്‍ക്കുകയുള്ളൂ.
സ്വന്തം നാട്ടില്‍ ഉപരോധമേര്‍പ്പെടുത്തപ്പെട്ട വിനീത കോട്ടായിക്കുവേണ്ടി പി.ടി തോമസ് നിയമസഭയില്‍ ശബ്ദമുയര്‍ത്തിയപ്പോഴും തുടര്‍നടപടികളിലൂടെ അവരുടെ മോചനം ഉറപ്പാക്കിയപ്പോഴും കളമശ്ശേരിയില്‍ ഭൂമാഫിയയ്‌ക്കെതിരായ ഷാജി മാനത്തു പാടം നടത്തിയ പോരാട്ടത്തിന് പിന്തുണ നല്കിയപ്പോഴും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിനു സമീപത്തെ പട്ടികജാതി സ്ത്രീയുടെ കിടപ്പാടം തട്ടിപ്പുകാരില്‍ നിന്നു വീണ്ടെടുക്കാന്‍ മുന്നിട്ടിറങ്ങിയപ്പോഴും ഇതേ ആത്മാഭിമാനം തോന്നി.
ആന്‍ജിയോഗ്രാം നടത്തേണ്ടിവന്ന ഒരാള്‍ മൂന്നുവട്ടം വെള്ളം കുടിക്കുന്നതും രണ്ടുതവണ മുഖം തുടക്കുന്നതുമാണ് പത്തുവട്ടം എന്‍.ഐ.എയുടെ മുന്‍പില്‍ തലകുമിട്ടിരിക്കുന്നതിനെക്കാള്‍ സ്‌ഫോടനാത്മകമെന്നു പ്രഖ്യാപിച്ചവര്‍ക്ക് ഒക്ടോബര്‍ വിപ്ലവാശംസകള്‍.
സ്വന്തം ധാര്‍മ്മികതയെ വില്പനയ്ക്കു വയ്ക്കുന്നില്ല എന്നതാണ് പി.ടി തോമസിനെ പ്രിയങ്കരനാക്കുന്നത്. ഏതു ധാര്‍മ്മിക ദുരന്തത്തിനു പിന്നിലും ആത്മാവിനെ ചെകുത്താനുവിറ്റ ഒരുവന്‍ ഒളിഞ്ഞിരിപ്പുണ്ടാവും.