കോട്ടയം: രാഷ്ട്രീയക്കാര്‍ തമ്മില്‍ ഏറ്റമുട്ടിയ ബാഡ്മിറ്റണ്‍ മത്സരത്തില്‍ പൂഞ്ഞാര്‍ പി.സി ജോര്‍ജ് എം.എല്‍.എ യെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനുമായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍. കോട്ടയം പ്രസ്‌ക്ലബിന്റെ ഷട്ടില്‍ കോര്‍ട്ട് ഉദ്ഘാടന വേദിയിലാണ് ഇരുവരും തമ്മില്‍ മുഖാമുഖം പോരടിച്ചത്. പി.സി ജോര്‍ജ്, മകന്‍ ഷോണ്‍ ജോര്‍ജ്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരായിരുന്നു ഷട്ടില്‍ കോര്‍ട്ടിന്റെ ഉദ്ഘാടനത്തിനായി എത്തിയത്. പി.സി ജോര്‍ജും മകനും ഒരു ടീം ആയപ്പോള്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് കൂട്ടായി എത്തിയത് കോണ്‍ഗ്രസ് നേതാവും തീയറ്റര്‍ ഉടമയുമായ ജിജി അഞ്ചാനിയായിരുന്നു.

മത്സര ഫലത്തില്‍ മാത്രമല്ല, മത്സരത്തിന് മുന്നോടിയായി കോര്‍ട്ട് നിശ്ചയിക്കുന്നതിനായി നടത്തിയ ടോസിലും വിജയം സെബാസ്റ്റ്യന് ഒപ്പമായിരുന്നു. ആദ്യ സെറ്റില്‍ പി.സി ജോര്‍ജ് ഏകപക്ഷീയമായി മുന്നേറിയെങ്കില്‍ പകുതി കഴിഞ്ഞതോടെ കുളത്തുങ്കലും ടീമും കളി തിരികെ പിടിച്ചു. പത്ത് പോയിന്റിനാണ് സെറ്റ് നിശ്ചയിച്ചിരുന്നതെങ്കിലും ഇരു ടീമുകളും വാശിയോടെ പോരാടിയപ്പോള്‍ മത്സരം അവസാനിച്ചത് 14 പോയിന്റിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നടക്കാനിരിക്കുന്ന മത്സരത്തിന്റെ ട്രയല്‍ റണ്ണാണോ ഇവിടെ കണ്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു പി.സിയുടെ മറുപടി. താന്‍ തോറ്റ് കൊടുത്തതാണെന്നും അടുത്ത ‘തെരഞ്ഞെടുപ്പ്’കളിയില്‍ തനിക്ക് സെബാസ്റ്റിയനെ തോല്‍പ്പിക്കേണ്ടതാണെന്നും പി.സി പറഞ്ഞു. വേണമെങ്കില്‍ തനിക്ക് ജയിക്കാമായിരുന്നു. എന്നാല്‍ എതിരാളികള്‍ ജയിക്കട്ടെ എന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
മനപ്പൂര്‍വം തോറ്റ് കൊടുത്തതാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കുളത്തുങ്കലിനെ തോല്‍പ്പിക്കാനുള്ളതാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചോട്ടയെന്ന് വിചാരിച്ചു. എന്നാല്‍ കളിയാണെങ്കിലും രാഷ്ട്രീമാണെങ്കിലും വിജയം വിജയം തന്നെയാണ്. അത് എല്ലാ അര്‍ത്ഥത്തിലും താന്‍ ആവര്‍ത്തിക്കുമെന്നായിരുന്നു സെബാസ്റ്റ്യന്റെ മറുപടി. പ്രസ്‌ക്ലബില്‍ നടന്ന മത്സരവും ഫലവും പൂഞ്ഞാര്‍ തിരഞ്ഞെടുപ്പിന്റേതിനു സമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫില്‍ പൂഞ്ഞാര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് കിട്ടാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പി.സി ജോര്‍ജിനെ പിടിച്ചു കെട്ടാന്‍ ആര് എന്നതിലാണ് കേരള കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച നടക്കുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലയിലെ പ്രമുഖ നേതാവുമായ സെബാസ്റ്റിയന്‍ കളത്തിങ്കലിനാണ് മണ്ഡലത്തില്‍ പ്രഥമ പരിഗണന. പിസി ജോര്‍ജിനെതിരെ മത്സരരംഗത്തേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ശക്തനായ നേതാവാണ് സെബാസ്റ്റ്യന്‍ കളത്തിങ്കലെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.
യു.ഡി.എഫിലായിരുന്നപ്പോള്‍ കഴിഞ്ഞ തവണ ജോര്‍ജ് കുട്ടി ആഗസ്തിയാണ് പി.സി ജോര്‍ജിനെതിരായി കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ പൂഞ്ഞാറില്‍ മത്സരിച്ചത്. എന്നാല്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ സ്വതന്ത്രനായി മത്സരിച്ച പി.സി ജോര്‍ജ്ജ് 27821 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പൂഞ്ഞാറില്‍ വിജയിക്കുകയായിരുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫില്‍ എത്താനുള്ള ശ്രമത്തിലാണ് പി.സി ജോര്‍ജ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെകൂടുതല്‍ പഞ്ചായത്തുകളില്‍ അധികാരത്തിലെത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. ആകെ രണ്ടായിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനുണ്ട്. യു.ഡി.എഫ് പ്രവേശനം സാധ്യമായാല്‍ പി.സി ജോര്‍ജ് പൂഞ്ഞാറിലും എന്‍.സി.പിയില്ലെങ്കില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ പാലായിലും സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് പി.സിയുടെ പ്രതീക്ഷ.