കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി യുഡിഎഫിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകള്‍ അടഞ്ഞതോടെ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. യു.ഡി.എഫ് പ്രവേശന നീക്കം അവസാനിച്ചു. പാലം കടന്നാല്‍ കൂരായണ എന്ന സമീപനമാണ് ഉമ്മന്‍ ചാണ്ടിയുടേത് എന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതോടൊപ്പം തന്നെ സഭാ തര്‍ക്കത്തില്‍ യാക്കോബായ കമ്മ്യൂണിറ്റിയെ അനുകൂലിക്കുന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ.

വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും. എല്‍ഡിഎഫിലും യുഡിഎഫിലും ഇല്ലാത്ത അവഗണിക്കപ്പെടുന്ന വലിയൊരു വിഭാഗം ജനത ഇവിടെ ഉണ്ട് ഇവരുടെ കുട്ടായ്മ ഉണ്ടാക്കുമെന്നും പിസി ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ കേരളത്തില്‍ അവഗണിക്കപ്പെടുന്ന വലിയൊരു വിഭാഗമാണ് യാക്കോബായ സഭ എന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്.

സംസ്ഥാനനത്തെ മുപ്പതോളം നിയോജക മണ്ഡലങ്ങളില്‍ അവര്‍ നിര്‍ണ്ണായ സാന്നിധ്യമാണ്. എന്നാല്‍ അവരെ ആരും പരിഗണിക്കുന്നില്ല. അവരെ പോലെ ഇവിടെയുള്ള പട്ടികജാതിപട്ടികവകുപ്പ് വിഭാഗക്കാര്‍ തുടങ്ങിയ അവഗണിക്കപ്പെട്ട എല്ലാവരേയും കൂട്ടി ഒരു മുന്നേറ്റം നടത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നുമായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്. ഇതിന് പിന്നാലെ യാക്കോബായാ സഭ നടത്തുന്ന സത്യാഗ്രഹ സമരത്തിനും പിസി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. സഭാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ച് പാത്രിയാര്‍ക്കീസ് വിഭാഗം നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ് എംഎല്‍എ നടത്തിയ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ വിമര്‍ശിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനക്ക് കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന ഒരു ജനപ്രതിനിധി രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ചെയ്തുകൊണ്ട് സംസാരിച്ചത് നിയമലംഘനമാണെന്നും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പാത്രിയാര്‍ക്കീസ് വിഭാഗം നേരിടുന്ന അന്യായമായ വിധിയാണെന്ന് പ്രസ്താവിക്കാന്‍ പി.സി ജോര്‍ജിനെ പ്രേരിപ്പിച്ച എന്ത് സംഗതിയാണെന്ന് മനസ്സിലാകുന്നില്ല. ഇരു വിഭാഗത്തേയും വിശദമായി കേട്ടതിന് ശേഷം ഇന്ത്യയുടെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരസ്യമായി തെരുവില്‍ വിമര്‍ശിക്കുന്ന് ഒരു നിയമസഭാംഗത്തിന് ചേരുന്ന പ്രവര്‍ത്തിയല്ല.
സത്യമല്ലാത്ത കണക്കുകള്‍ നിരത്തി വോട്ട് ശക്തിയുണ്ടെന്ന് തെറ്റി ധരിപ്പിച്ച് നിയമം നിഷേധിക്കാത്ത ആളുകളെ വീണ്ടും നിയമ നിഷേധത്തിന് പ്രേരിപ്പിക്കുന്ന രീതി തികച്ചും അപലപനീയമാണ്. പാത്രീയാര്‍ക്കീസ് വിഭാഗത്തിന് കോടതിയില്‍ നിന്നും നീതി ലഭിക്കുന്നില്ല എന്ന് പറയുന്നവര്‍ കോടതി വിധികള്‍ അവര്‍ക്ക് എതിരായി വന്നതിന്റെ കാരണം കൂടി പരിശോധിക്കാന്‍ ശ്രമിക്കാത്തത് ഖേദകരമാണെന്നും കുറിപ്പില്‍ പറയുന്നു
കീഴ്‌കോടതി മുതല്‍ സുപ്രീംകോടതി വരെ 35ല്‍ പരം ന്യായാധിപന്മാര്‍ പരിഗണിച്ച് തീര്‍പ്പാക്കിയ വിഷയമാണ് ഇപ്പോള്‍ സഭയ്ക്ക് മുന്നിലുള്ളത്. കേസുകള്‍ കൊടുക്കുകയും വിധികള്‍ വരുമ്പോള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ ഭാഗത്ത് നിന്നും കണ്ട് വരുന്നത് ഇതിനെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രയ നേതാക്കളും പിന്തുണക്കുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന പ്രക്രിയയുടെ ഭാഗമാണ്. ഇത് പൊതുജനം മനസലാക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ ദീയസ്‌കോറാസ് കൂട്ടിച്ചേര്‍ത്തു
അതേസമയം, യുഡിഎഫില്‍ കയറിപ്പറ്റാനാവാത്ത സാഹചര്യത്തില്‍ പുഞ്ഞാറിലെ വിജയത്തിന് യാക്കോബായ സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പി.സി ജോര്‍ജ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന വിലയിരുത്തലുണ്ട്. പള്ളിത്തര്‍ക്കത്തില്‍ ഒപ്പം നില്‍ക്കുന്നതോടെ യാക്കോബായ വിശ്വാസികള്‍ തന്റെ കൂടെ നില്‍ക്കും എന്നതാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
നിലവില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് പിന്തുണ നല്‍കുന്ന സമീപനമാണ് യാക്കോബായ സമൂഹം സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ഇടതുമുന്നണിക്ക് പരസ്യമായ പിന്തുണ നല്‍കാന് സഭ തയ്യാറായിരുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ബില്ലിനെ പ്രതിപക്ഷ എതിര്‍ത്തത് ഉള്‍പ്പടേയുള്ള കാര്യങ്ങളാണ് അവരെ കോണ്‍ഗ്രസിന് എതിരാക്കിയത്.