ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും പ്രപകോപനം സൃഷ്ടിക്കുന്ന നടപടികളുമായി ചൈന. ഇത്തവണ ഭൂട്ടാന്‍ അതിര്‍ത്തിക്ക് രണ്ട് കിലോ മീറ്റര്‍ സമീപത്ത് പ്രദേശം കയ്യേറി ചൈന ഒരു ഗ്രാമം സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2017ല്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ദിവസങ്ങളോളം മുഖാമുഖം നിന്ന ദോക്ലാമിന് 9 കിലോ മീറ്റര്‍ അടുത്താണ് ചൈന പുതിയ ഗ്രാമം സ്ഥാപിച്ചത്.

ചൈനീസ് സിജിടിഎന്‍ ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷെന്ഡ ഷിവിയാണ് ഇതുമായി ബന്ധപ്പെട്ട് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഏറെ വൈകാതെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ചൈനയുടെ പുതിയ നീക്കത്തിന് പിന്നില്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതിര്‍ത്തി ഇല്ലാതാക്കാനുള്ള ശ്രമമാണെന്നാണ് വിലയിരുത്തല്‍.

ചൈനയുടെ പാംഗ്ഡ എന്ന ഗ്രാമം ഭൂട്ടാന്റ അതിര്‍ത്തിയിലേക്കും വ്യാപിച്ച് കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, വളരെ കുറച്ച് മാത്രം സൈനിക ശക്തിയുള്ള ഭൂട്ടാനെ ചൈനയുടെ അധിനിവേശത്തില്‍ നിന്നും ചെറുക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. അതേസമയം, ദോക്ലാമിന്റെ വലിയൊരു ഭാഗം കയ്യേറി ആധിപത്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് ചൈന ഇപ്പോള്‍ നടത്തിക്കൊണ്ടിരി്കുന്നത്.
അതേസമയം നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ പിന്നെ ജീവനോടെ അവര്‍ തിരിച്ചുപോകില്ലെന്ന് താക്കീത് നല്‍കി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരാവനെ. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരുടെ വിധി നഗ്രോട്ടയില്‍ കൊല്ലപ്പെട്ടവരുടെത് തന്നെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗ്രോട്ടയില്‍ നാല് തീവ്രവാദികളെ വധിച്ചത് സംബന്ധിച്ച് ഇന്ത്യാ ടുഡേക്ക് നല്‍കിയ പ്രതികരണത്തിലാണ് നരാവനെ സ്വരം കടുപ്പിച്ചത്.
ആപ്പിള്‍ കയറ്റിവന്ന ട്രക്കില്‍ ഒളിഞ്ഞിരുന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ വകവരുത്തിയ സൈനികരെ ജനറല്‍ നരാവനെ അഭിനന്ദിച്ചു. ഇന്ത്യന്‍ സേനക്കും ജമ്മു കാശ്മീര്‍ പോലീസിനും അര്‍ധ സൈനിക വിഭാഗത്തിനുമിടയില്‍ ശക്തമായ കൂട്ടായ്മ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് നഗ്രോട്ടയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. തീവ്രവാദികള്‍ ഒളിച്ചിരുന്ന ട്രക്ക് സൈന്യം തടയുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ വധിക്കുകയുമായിരുന്നു. ഒരു പോലീസുകാരനും ഓപ്പറേഷനില്‍ പരുക്കേറ്റു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍.
തീവ്രവാദികള്‍ എത്തിയ ട്രക്കില്‍ നിന്ന് 11 എ കെ 47 തോക്കുകളും മൂന്ന് പിസ്റ്റളുകളും 29 ഗ്രനേഡുകളും കണ്ടെടുത്തിരുന്നു. ശക്തമായ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഇവര്‍ എത്തിയത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു.