ഹൂസ്റ്റണ്‍: വീറും വാശിയും ആവേശവും നിറഞ്ഞുനില്ക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ ഹൂസ്റ്റണില്‍ വലിയ വിജയപ്രതീക്ഷയുമായി തിരഞ്ഞെടുപ്പ് രംഗത്ത് നിറസാന്നിധ്യമായി മാറിക്കഴിഞ്ഞ രണ്ടു മലയാളി നേതാക്കള്‍ക്കു ശക്തമായ പിന്തുണ രേഖപ്പെടുത്തുന്നതിന് ഹൂസ്റ്റണില്‍ മലയാളി കൂട്ടായ്മ ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ് ടോം ആന്‍ഡ് റോബിന്’ സംഘടിപ്പിച്ചു.

ഒക്ടോബര്‍ 18 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്ഫോര്‍ഡില്‍ സ്ഥാനാര്‍ത്ഥികളായ ടോം വിരിപ്പന്‍ റോബിന് ഇലക്കാട്ട് എര്ക്കൊപ്പം നടന്ന സമ്മേളനം ഹ്യൂസ്റ്റണ്‍ മലയാളികളുടെ പങ്കാളിത്തം കൊണ്ട് ആവേശോജ്വലമായി. ഹൂസ്റ്റണില്‍ ഏര്‍ലി വോട്ടിങ് പുരോഗമിക്കുമ്പോള്‍ സംഘടിപ്പിച്ച സമ്മേളനത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്റ്റേറ്റ് റെപ്രസെന്റേറ്റീവായി മത്സരിക്കുന്ന ടോം വിരിപ്പനും മിസ്സോറി സിറ്റി മേയര്‍ ആയി മത്സരിക്കുന്ന റോബിന് ഇലക്കാട്ടും.

ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ഏറ്റവുമധികം വോട്ടര്‍മാരായുള്ള ടെക്സസിലെ ഹൗസ് ഡിസ്ട്രിക് 27 (HD 27) ല്‍ നിന്ന് ടെക്സാസ് സ്റ്റേറ്റ് റെപ്രസന്ററ്റീവായി മല്‍സരിക്കുന്ന മലയാളിയും ഹൂസ്റ്റന്കാര്ക്കു സുപരിചിതനുമാണ് തൊടുപുഴ സ്വദേശി ടോം വിരിപ്പന്‍. റിപ്പബ്ലിക്കന്‍ െ്രെപമറിയില്‍ ഇന്ത്യക്കാരനായ മനീഷ് സേത്തിനെ പരാജയപെടുത്തിയാണ് ടോം മത്സരരംഗത്തേക്കു കടന്നു വന്നിരിക്കുന്നത്. നിലവില്‍ റെപ്രസെന്ററ്റീവ് ആയ ഡെമോക്രാറ്റ് റോണ്‍ റെയ്നോള്ഡിനെതിരെ ശക്തമായ മത്സരമാണെങ്കിലും ഏഷ്യന്‍ വംശജര്‍ ഉള്‍പ്പെടെ നൂറു കണക്കിന് പ്രവര്‍ത്തകരാണ് ടോമിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. മലയാളികളുടെ നിരവധി ഗ്രൂപ്പുകളും സജീവമായി ടോമിന് വേണ്ടി രംഗത്തുണ്ട്.
മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന മിസ്സോറി സിറ്റി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റോബിന് ഇലക്കാട്ട് മിസോറി സിറ്റിയിലെ വോട്ടര്‍മാര്‍ക്കെല്ലാം സുപരിചിതനാണ്. സിറ്റി കൗണ്‍സിലിലേക്കു മൂന്ന് പ്രാവശ്യം തിരഞ്ഞെക്കപ്പെട്ടിട്ടുള്ള റോബിന് മിസോറി സിറ്റിയില്‍ ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. നിലവിലെ മേയര്‍ യോലാന്‍ഡാ ഫോര്‍ഡും മത്സരരംഗത്തുണ്ട്. റോബിന്റെ വിജയത്തിന് വേണ്ടി മലയാളികളുടെ നിരവധി സംഘങ്ങളും സജീവമായി രംഗത്തുണ്ട്.
‘മീറ്റ് ആന്‍ഡ് ഗ്രീറ്റ് ടോം ആന്‍ഡ് റോബിന്’ സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് പ്രസിഡന്റ് ജെയിംസ് കൂടല്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രമുഖ മാധ്യമ പ്രവര്ത്തകന് ജീമോന്‍ റാന്നിയും ബ്ലെസ്സണ്‍ ഹൂസ്റ്റനും സ്ഥാനാര്ത്തികളേ സദസിനു പരിചയപ്പെടുത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രെസിഡന്റ് എസ്.കെ ചെറിയാന്, ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന് ഭാരവാഹികളായ മാര്ട്ടിന് ജോണ്‍, തോമസ് വര്‍ക്കി, മാധ്യമ പ്രവര്ത്തകന് അജു വാരിക്കാട്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ഡാന്‍ മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വേള്ഡ്ബാ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ബാബു ചാക്കോ സ്വാഗതവും ജെയിംസ് വാരിക്കാട് കൃതജ്ഞതയും പറഞ്ഞു. പരിപാടികള്‍ക്ക് തോമസ് സ്റ്റീഫന്‍, റെനി കവലയില്‍ , മോന്‍സി കുരിയാക്കോസ് എന്നിവര്‍ നേതൃത്വം നല്കി.
ചരിത്ര വിജയമായി മാറുന്ന രണ്ടു പേരുടെയും വിജയം സുനിശ്ചിതമാക്കണമെന്നും അത് മലയാളി സമൂഹത്തിനു അഭിമാനിക്കാവുന്നതാണെന്നും അതിനായി കൂടുതല്‍ പ്രവര്‍ത്തിക്കണമെന്നും ജെയിംസ് കൂടല്‍ ഹൂസ്റ്റണ്‍ മലയാളി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.