ലഖ്‌നൗ: കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന 7 സീറ്റില്‍ ആറിലും യുപിയില്‍ ബിജെപിയായിരുന്നു വിജയം കൊയ്തത്. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ എഴുതി തള്ളിയിരിക്കുകയാണ് ബിജെപി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലേറുമെന്നും ഉപതിരഞ്ഞെടുപ്പ് വിജയം അതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

അതിനിടെ കോണ്‍ഗ്രസിനെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടിയും രംഗത്തെത്തി. മുന്‍ നിയമസഭ തിരഞ്ഞെടുപ്പിന് സമാനമായി കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിനും ഇല്ലെന്നായിരുന്നു അഖിലേഷ് യാദവ് പ്രതികരിച്ചത്. എന്നാല്‍ വിമര്‍ശനങ്ങള്‍ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പില്‍ ഒരിടത്ത് പോലും വിജയിച്ചില്ലേങ്കിലും കോണ്‍ഗ്രസിന് വോട്ട് ഉയര്‍ത്താന്‍ സാധിച്ചിരു്‌നു. രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസിനായിരുന്നു. ഒരിടത്ത് എസ്പിയെയും ഒരിടത്ത് ബിഎസ്പിയെയുമാണ് കോണ്‍ഗ്രസ് പിന്‍തള്ളി മുന്നേറിയത്. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിലും മുന്നേറ്റം നേടാനാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പ്രതികരിച്ചു.
ശക്തമായ മത്സരമാണ് തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കാഴ്ചവെച്ചത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ തനിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തിരുമാനമെന്നും ലല്ലു വ്യക്തമാക്കി. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ സഖ്യം വിജയിച്ചില്ലെന്ന് മാത്രമല്ല 7 സീറ്റുകള്‍ മാത്രം നേടാനെ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളു. അതുകൊണ്ട് തന്നെ വരും തിരഞ്ഞെടുപ്പില്‍ തനിച്ചേ മത്സരിക്കുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
ഒരു പാര്‍ട്ടിയുമായും സഖ്യത്തിലെത്താന്‍ ഞങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ല. 2022ലെ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റക്ക് മത്സരിക്കുമെന്നും യുപി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാകേഷ് സച്ചന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലംസൂചിപ്പിക്കുന്നത് കോണ്‍ഗ്രസിനെ സംസ്ഥാനത്തെ ജനങ്ങള്‍ സ്വീകരിക്കുന്നുവെന്നതാണെന്നും സച്ചന്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് തങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുക. വിജയം കൊയ്യുക തന്നെ ചെയ്യുമെന്നും നേതൃത്വം വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പിലെ പ്രിയങ്കയുടെ അഭാവം തിരിച്ചടിയായെന്ന വികാരം പാര്‍ട്ടിയില്‍ ഉണ്ട്. ഇക്കഴിഞ്ഞ ഫിബ്രവരി മുതല്‍ പ്രിയങ്ക സംസ്ഥാനത്ത് നേരിട്ടെത്തിയിരുന്നില്ല.
ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ പ്രചരണം കാഴചവെച്ചപ്പോഴും പ്രിയങ്ക നേരിട്ട് പ്രചരണത്തിന് എത്തിയിരുന്നില്ല. ഇതെല്ലാമാകാം വിജയ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിരീക്ഷണം. അതേസമയം പ്രിയങ്കയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുമെന്ന് നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.