ന്യൂഡല്‍ഹി: ഫൈസര്‍ കൊറോണ വൈറസ് വാക്‌സിന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇനി വരുന്ന ദിവസങ്ങളില്‍ പൊതുജനങ്ങളില്‍ വാക്‌സിന്‍ കുത്തിവയ്ക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. 95 ശതമാനം വരെ കൊറോണ രോഗം തടയാന്‍ ഈ വാക്‌സിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇതോടൊപ്പം ആദ്യം ആര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത് എന്ന കാര്യത്തില്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരമായിരിക്കും വിതരണം ചെയ്യുക. അതേസമയം, കൊവിഡ് വാക്‌സിന്‍ കുത്തിവയ്ക്കാന്‍ ഇന്ത്യക്കാര്‍ യുകെയിലേക്ക് പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ഇന്ത്യക്കാര്‍ അന്വേഷിച്ചതായാണ് വിവരം.

40 ദശലക്ഷം ഡോസ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. 20 ദശലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വീതമാണ് വിതരണം ചെയ്യുക. 10 മില്യണ്‍ ഡോസ് ഉടന്‍ ലഭ്യമാക്കും. അതിവേഗം എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്താനാണ് ബ്രിട്ടന്റെ തീരുമാനം. കേവലം പത്ത് മാസത്തെ ശ്രമഫലമായാണ് വാക്‌സിന്‍ തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടനില്‍ ഫൈസര്‍ വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിക്കുന്നതോടെ ഇന്ത്യയില്‍ നിന്ന് അങ്ങോട്ടേക്ക് പറക്കാന്‍ ചിലര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ അന്വേഷണം ആരംഭിച്ചുവെന്ന് ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു. എത്രയും വേഗത്തില്‍ യുകെയിലേക്ക് പറക്കാനുള്ള മാര്‍ഗങ്ങളാണ് ഇന്ത്യക്കാര്‍ തേടുന്നതെന്നാണ് വിവരം.

അടുത്ത ആഴ്ചയാണ് ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാര്‍ക്ക് വേണ്ടി ത്രീ നൈറ്റ് പാക്കേജാണ് ഒരു ട്രാവല്‍ ഏജന്റ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ഇങ്ങനെ പോകുന്നവര്‍ക്ക് യുകെയില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുമോ എന്ന കാര്യത്തെ കൂറിച്ചും ആര്‍ക്കും വ്യക്തമായ അറിവില്ല. കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നത് എങ്ങനെ, എപ്പോള്‍ എന്നിവയെ കുറിച്ച് അന്വേഷിച്ച് ചിലര്‍ എത്തിയതായി മുംബൈയിലെ ഒരു ട്രാവല്‍ ഏജന്റ് പറയുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വയോധികര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുകയെന്നാണ് വിവരം. ഇന്ത്യയില്‍ നിന്ന് ആളുകള്‍ യുകെയില്‍ പോയാല്‍ വാക്‌സിന്‍ ലഭിക്കുമൊ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.
കൊറോണ വൈറസ് വാക്‌സിന്‍ പ്രയോഗിക്കേണ്ടവരുടെ പട്ടിക മേഖല തിരിച്ച് തയ്യാറാക്കിയിരിക്കുകയാണ് ബ്രിട്ടനില്‍ ഇപ്പോള്‍. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാകും ആദ്യം കുത്തിവയ്ക്കുക. ക്രിസ്മസിന് മുമ്പ് ആദ്യ സ്‌റ്റോക്ക് മുഴുവനായി എത്തുമെന്നാണ് സൂചന. 50 വയസിന് മുകളിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും കുത്തിവയ്ക്കും. ദിവസങ്ങളുടെ ഇടവേളകളില്‍ രണ്ട് വീതം ഇഞ്ചക്ഷനാണ് നല്‍കുക. അതേസമയം, ബ്രിട്ടന്‍ വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങിയാലും രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കാനും മാസ്‌കും, രോഗ പരിശോധനയും തുടരേണ്ടതുണ്ടെന്നും വിദഗ്ദര്‍ പറയുന്നു.