പാറ്റ്‌ന: ഏറെ നിര്‍ണായകമായ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക് ആരംഭിച്ചു. ആദ്യഫലസൂചനകള്‍ ഉടന്‍ പുറത്ത് വരും. ബീഹാറിലെ 243 അംഗ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്.

കോണ്‍ഗ്രസും ആര്‍ജെഡിയും അംഗങ്ങളായ മഹാസഖ്യത്തിനാണ് എക്‌സിറ്റ് പോളുകള്‍ വിജയം പ്രവചിക്കുന്നത്. അതേസമയം നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയും വിജയപ്രതീക്ഷയിലാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു വോട്ടെണ്ണല്‍ ഹാളില്‍ 7 മേശകള്‍ മാത്രമേ ഉണ്ടാകൂ. കനത്ത സുരക്ഷയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബീഹാറിലെ 38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞു. ഈസ്റ്റ് ചമ്പരണിലെ നാല് ജില്ലകളിലായി മൂന്ന് കൗണ്ടിംഗ് സെന്ററുകളാണ് തയ്യാറാക്കി. ഈസ്റ്റ് ചമ്പരണില്‍ 12 നിയമസഭാ സീറ്റുകളുണ്ട്. ഗയയില്‍ പത്തും സിവാനില്‍ എട്ടും ബെഗുസരയില്‍ ഏഴും മണ്ഡലങ്ങളുണ്ട്. മൂന്ന് സേനകളുടെ സുരക്ഷ ഇവിടെയുണ്ട്. സിഐഎസ്എഫ്, ബീഹാര്‍ മിലിട്ടറി പോലീസ്, ജില്ലാ ആംഡ് ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്.
നാല് സഖ്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിച്ചത്. ആറോളം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരും ഉണ്ടായിരുന്നു. എന്‍ഡിഎയില്‍ ബിജെപി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, വിഐപി, ജെഡിയു എന്നിവരാണ് ഉണ്ടായിരുന്നത്. മഹാസഖ്യത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒരുമിച്ചു.
പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ്, മറ്റൊരു സഖ്യമായിരുന്നു. ജെഎപി, ആസാദ് സമാജ് പാര്‍ട്ടി, ബിഎംപി, എസ്ഡിപിഐ എന്നിവരായിരുന്നു ഈ സഖ്യത്തിലുണ്ടായിരുന്നത്. ഗ്രാന്‍ഡ് ഡമോക്രാറ്റിക് സെക്കുലര്‍ ഫ്രണ്ടില്‍ ആര്‍എല്‍എസ്പി, ബിഎസ്പി, ജന്‍വാദി പാര്‍ട്ടി, മജ്‌ലിസ് പാര്‍ട്ടി എന്നിവര്‍ അണിനിരന്നു.
വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് മാരത്തണ്‍ ചര്‍ച്ചകളിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ സഹാചര്യത്തില്‍ രണ്ട് ജനറല്‍ സെക്രട്ടറിമാരെ കോണ്‍ഗ്രസ് ബീഹാറിലേക്ക് അയച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും തങ്ങളുടെ പാര്‍ട്ടി ആസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്.
വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ട്രെന്‍ഡിംഗ് പത്ത് മണിയോടെ അറിയാനാവുമെന്നാണ് കരുതുന്നത്. എല്ലാ മണ്ഡലത്തിലെയും ഫല സൂചനകള്‍ ലഭ്യമാകുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചയോടെ തന്നെ ബീഹാര്‍ ആര് ഭരിക്കുമെന്ന് സംബന്ധിച്ചുള്ള കൃത്യമായ ചിത്രം പുറത്തുവരും.