പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുപ്പില്‍ ജെഡിയുവിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നിതീഷ് മുഖ്യമന്ത്രായാകാന്‍ തയ്യാറാകുമോയെന്ന ചര്‍ച്ചകള്‍ ശക്തമായിരുന്നു. മാത്രമല്ല ഫലം വന്ന് ഒരു ദിവസം പിന്നിട്ടിട്ടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ബിഹാറിലെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണത്തിന് നന്ദി പറഞ്ഞ് നിതീഷ് ട്വീറ്റ് ചെയ്തതോടെ നിലനിന്ന അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. മന്ത്രിസഭ രൂപീകരണത്തെ കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വവുമായി നിതീഷ് വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

ജെഡിയുവിനെക്കാള്‍ 31 ,സീറ്റ് അധികം നേടി ബിജെപി വിജയിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ തലപൊക്കിയത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് വിട്ട് നല്‍കാന്‍ ബിജെപി തയ്യാറാകുമോയെന്നുള്ള ചര്‍ച്ചകള്‍ ശക്തമായി. എന്നാല്‍ നിതീഷ് തന്നെയാകും മുഖ്യമന്ത്രിയെന്നായിരുന്നു തുടക്കം മുതല്‍ ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിഹാര്‍ വിജയം സംബന്ധിച്ച പ്രതികരണത്തില്‍ ഇക്കാര്യം വ്യക്തമാക്കി.

അപ്പോഴും നിതീഷ് മൗനം തുടരുകയായിരുന്നു. ഇതോടെ വിലപേശലിനുള്ള സാധ്യത കുറഞ്ഞതോടെ നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് ചേക്കേറുമോയെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായി. ഇതിനിടെ നിതീഷിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കൊണ്ട് കോണ്‍ഗ്രസും രംഗത്തെത്തിയതോടെ ബിഹാറില്‍ വീണ്ടും കാര്യങ്ങള്‍ സസ്‌പെന്‍സിലേക്ക് കടക്കുകയാണെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ നിലവില്‍ അത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമായിരിക്കുകയാണ്.വരും ദിവസങ്ങളില്‍ മന്ത്രിസഭ ചര്‍ച്ചകള്‍ പുരോഗമിക്കും.
അതേസമയം വര്‍ധിച്ച അംഗബലം പരിഗണിക്കുമ്പോള്‍ ബിജെപി മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെടാനുള്ള സാധ്യത ഉണ്ട്. ആഭ്യന്തരം ഉള്‍പ്പെടെയുള്ള പദവികളും നിലവില്‍ ജെഡിയുവിന്റെ പക്കലുള്ള സ്പീക്കര്‍ സ്ഥാനത്തിനും ബിജെപി അവകാശം ഉന്നയിച്ചേക്കും.
കഴിഞ്ഞ മന്ത്രിസഭയില്‍ ജെഡിയുവിന് 15, ബിജെപിക്ക് 13 എന്നിങ്ങനെയായിരുന്നു പ്രാതിനിധ്യം. പരമാവധി 36 മന്ത്രിമാര്‍ വരെ ഉള്‍ക്കൊള്ളാനാകും. അതേസമയം ബിജെപിയുടെ ആവശ്യങ്ങള്‍ നിതീഷ് കുമാര്‍ അംഗീകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇതോടെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ വരും ദിവസം സഖ്യത്തില്‍ കല്ലുകടിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.