തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ഇന്ന് ബുറെവി ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയെ തുടര്‍ന്ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കന്‍ തീരത്ത് കനത്ത ജാഗ്രത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മേഖലയിസല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രി സൈക്ലോണ്‍ വാച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റന്നാള്‍ പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തേക്ക് എത്തുമെന്നാണ് നിഗമനം. തുടര്‍ന്ന് കേരള തീരത്തോട് ചേര്‍ന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൊല്ലം കല്ലട റിസര്‍വോയര്‍, നെയ്യാര്‍ റിസര്‍വോയര്‍, പത്തനംതിട്ട കക്കി ഡാം എന്നിവിടങ്ങളില്‍ ജാഗ്രത വേണം. ജലനിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ ഇടയാക്കുമെന്നും കേന്ദ്ര ജല കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡിസംബര്‍ 2 മുതല്‍ ഡിസംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു.
അതേസമയം, ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ നിലവില്‍ വന്ന വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ നവംബര്‍ 30 അര്‍ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.