ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണ ചോദ്യം ചെയ്യാനായി ഇ.ഡി ബെംഗളൂരുവിലെ ഓഫീസിലേക്ക് ബിനീഷിനെ വിളിച്ച് വരുത്തിയിരുന്നു.

രാവിലെ 11 മണി മുതലാണ് ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ബിനീഷ് കോടിയേരിയെ ഇ.ഡി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബിനീഷിനെ ബെംഗളൂരു സിറ്റി സിവില്‍ കോടതിയിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

മയക്കുമരുന്ന് കേസില്‍ നേരത്തെ പിടിയിലായ മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുളളതായി കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബിനീഷ് കോടിയേരിയില്‍ എത്തി നില്‍ക്കുന്നത്. ബിനാമി ഇടപാടുകളുണ്ട് എന്നാണ് ഇഡി സംശയിക്കുന്നത്.
ബിനീഷ് കോടിയേരി പറഞ്ഞത് പ്രകാരമാണ് മറ്റുളളവര്‍ ബിസിനസ്സില്‍ പണം നിക്ഷേപിച്ചത് എന്നാണ് ഇഡിയുടെ ചോദ്യം ചെയ്യലില്‍ മുഹമ്മദ് അനൂപ് നല്‍കിയിരിക്കുന്ന മൊഴി. 50 ലക്ഷത്തില്‍ അധികം രൂപയാണ് ഇത്തരത്തില്‍ ലഭിച്ചത്. മലയാളികള്‍ അടക്കമുളളവര്‍ ഇത്തരത്തില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം.