ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാനദുരന്തത്തിനുപിന്നാലെ ബോയിങ് ഡ്രീംലൈനർ 787-8, 787-9 ശ്രേണിയിൽപെട്ട വിമാനങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ കമ്പനിക്ക് നിർദേശം നൽകി ഡിജിസിഎ. ഇന്ധനം, എഞ്ചിൻ, ഹൈഡ്രോളിക് സംവിധാനം അടക്കമുള്ളവ പരിശോധിക്കാനാണ് നിർദേശം. ഇവ പരിശോധിച്ചശേഷം റിപ്പോർട്ട് സമർപ്പിക്കാനും ഡിജിസിഎ നിർദേശിച്ചു.
കഴിഞ്ഞ 15 ദിവസത്തിനിടെ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളിൽ ആവർത്തിച്ചുണ്ടായ തകരാറുകൾ എത്രയും വേഗം പുനഃപരിശോധിക്കണമെന്നും വേണ്ട അറ്റകുറ്റപണികൾ നടത്തി ഇവ പരിഹരിക്കണമെന്നും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്. വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച പരിശോധനകൾ എയർ ഇന്ത്യ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞദിവസം, അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. 230 യാത്രക്കാരും 10 കാബിന്‍ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.