ഭോപ്പാല്‍: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ ഏറെ ഉറ്റുനോക്കപ്പെട്ടതാണ് മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പും. 28 മണ്ഡലങ്ങളിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. കേവലമൊരു ഉപതിരഞ്ഞെടുപ്പ് എന്നതിലുപരി സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ നിര്‍ണ്ണയിക്കുന്ന പോരാട്ടമായിരുന്നു സംസ്ഥാനത്ത് നടന്നത്.
തന്റെ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയോട് പകരം വീട്ടി അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലായിരുന്നു കമല്‍നാഥും കോണ്‍ഗ്രസും. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ മധ്യപ്രദേശില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 15 വര്‍ഷം ഭരണത്തിന് അവസാനം കുറിച്ചാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തിലേറിയത്. എന്നാല്‍ 15 മാസം പിന്നിടവെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കമല്‍നാഥിനോട് ഉടക്കി ജ്യോതിരാദിത്യ സിന്ധ്യയും അണികളും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ സര്‍ക്കാര്‍ വീണു.
22 എംഎല്‍എമാരായിരുന്നു സിന്ധ്യയ്ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത്.ഇതിന് പിന്നാലെയും മൂന്ന് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തി. ഇതോടെയാണ് കാലുമാറിയ 25 എംഎല്‍എമാരുടെ സീറ്റിലേക്കും ഭരണത്തിലിരിക്കെ മരണപ്പെട്ട എംഎല്‍എമാരുടെ സീറ്റുകളിലേക്കും ഉള്‍പ്പെടെ 28 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
എംഎല്‍എമാരുടെ വരവോടെ 230 അംഗ നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ ബിജെപി ഭരണം തുടര്‍ന്നത്. കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ 9 പേരുടെ കൂടി പിന്തുണ ബിജെപിക്ക് ആവശ്യമായിരുന്നു. അതേസമയം മറുവശത്ത് കോണ്‍ഗ്രസിന് 22 സീറ്റുകള്‍ വിജയിച്ചാല്‍ അധികാരത്തിലേറാന്‍ സാധിക്കുമായിരുന്നു.
ഇതോടെ സര്‍ക്കാരിനെ മറച്ചിട്ട സിന്ധ്യയ്ക്കും കൂട്ടര്‍ക്കും എന്ത് വിലകൊടുത്തും മറുപടി നല്‍കും എന്ന വെല്ലുവിളിയായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ജാതമതസമവാക്യങ്ങള് ഉള്‍പ്പെടെ പരിശോധിച്ച് പഴുതകളടച്ചായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെ പാര്‍ട്ടി നടത്തിയത്.
അതേസമയം കോണ്‍ഗ്രസ് വിട്ട് എത്തിയ നേതാക്കളെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്. ഇതില്‍ ബിജെപിയില്‍ ഭിന്നത ശക്തമായിരുന്നു.തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ഉള്‍പ്പെടെ അഞ്ചോളം പ്രമുഖര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി. ഇവരെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കുകയുംചെയ്തു.
ബിജെപി കോണ്‍ഗ്രസ് പോരാട്ടം എന്നതിനുപരി കമല്‍നാഥ്-സിന്ധ്യ പോരാട്ടം എന്ന രീതിയിലായിരുന്നു തിരഞ്ഞെടുപ്പ് ഉറ്റുനോക്കപ്പെട്ടത്. ശക്തമായ പ്രചരണമായിരുന്നു സിന്ധ്യയ്ക്കും ബിജെപിക്കുമെതിരെ കോണ്‍ഗ്രസ് നടത്തിയത്. സിന്ധ്യയെ കേന്ദ്രീകരിച്ചായിരുന്നു കോണ്‍ഗ്രസിന്റെ ആക്രമണങ്ങളെല്ലാം.
തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുകയാണെങ്കില്‍ അത് സിന്ധ്യയുടെ രാഷ്ട്രീയ ഭാവി തന്നെ അവതാളത്തിലാക്കുമെന്ന് കോണ്‍ഗ്രസ് കണക്ക്കൂട്ടി. ബിജെപിയിലെ സിന്ധ്യ വിരുദ്ധ വികാരവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസും കമല്‍നാഥും പ്രതീക്ഷിച്ചിരുന്നു.