തൃശ്ശൂര്‍; ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി (94) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരവെയാണ് അന്ത്യം. ആധുനിക മലയാള കവിതയിലെ ഒരു യുഗമാണ് അക്കിത്തം വിടപറയുമ്പോള്‍ അവസാനിക്കുന്നത്.

926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂര് അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് അക്കിത്തം അച്യുതന് നമ്പൂതിരി ജനിച്ചത്. ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.ചെറുപ്പം മുതല്‍ തന്നെ സംഗീതത്തിലും കലയിലുമെല്ലാം അദ്ദേഹംഅതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇടശ്ശേരിയുടെ നേതൃത്വത്തില്‍ പൊന്നാനിയില്‍ തുടങ്ങിയത സാംസ്കാരിക പരിസരങ്ങളാണ് അക്കിത്തത്തിന്റെ ഉള്ളിലെ കവിയെ വളര്‍ത്തിയത്.

മലയാള കവിതയില്‍ ആധുനികതയെ അടയാളപ്പെടുത്തിയ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കാവ്യം അക്കിത്തമെഴുതുന്നത് 1952ല്‍ തന്റെ 21-ാം വയസിലാണ്. മനുഷ്യത്വത്തില്‍ ഊന്നിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ കവിതകളെല്ലാം. അന്നത്തെ കാലത്ത് പുരോഗമന ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന നമ്പൂതിരി യുവാക്കളെ പോലെ സമുദായത്തിന്റെ നവീകരണത്തിനായി അദ്ദേഹം നിലകൊണ്ടു. ഇഎംഎസ് നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നത്. 1946 മുതല്‍ മൂന്ന് വര്‍ഷം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിരുന്നു അക്കിത്തം. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണിയിലായിരുന്നു അദ്ദേഹം സേവനമനുഷ്ടിച്ചത്.
1975ല്‍ ആകാശവാണി തൃശൂര്‍ നിലയത്തിന്റെ എഡിറ്ററായി.1985ല്‍ അദ്ദേഹം ആകാശവാണിയില്‍ നിന്ന് വിരമിച്ചു.കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായും എസ് പി സി എസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 ലാണ് രാജ്യം അക്കത്തത്തിന് പത്മീശ്രീ നല്കി ആദരിച്ചത്. 2019 ല്‍ ജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു. 2008 ല്‍ സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന് പുരസ്കാരം ലഭിച്ചിരുന്നു.1974 ല്‍ ഓടക്കുഴല്‍, സഞ്ജയന് പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കവിതകള്‍ക്ക് പുറമെ, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം തുടങ്ങി മലയാളത്തില്‍ അമ്പതോളം കൃതികള്‍ അക്കിത്തം രചിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, മാനസപൂജ ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍) ഭാഗവതം (വിവര്‍ത്തനം, മൂന്നു വാല്യങ്ങള്‍) ഇടിഞ്ഞു പൊളിഞ്ഞ ലോകം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. സഞ്ജയന് പുരസ്കാരം(1952), പത്മപ്രഭ പുരസ്കാരം (2002)
അമൃതകീര്‍ത്തി പുരസ്കാരം (2004), എഴുത്തച്ഛന് പുരസ്കാരം (2008) , മാതൃഭൂമി സാഹിത്യ പുരസ്കാരം(2008), വയലാര്‍ അവാര്‍ഡ് 2012 എന്നിവയും ലഭിച്ചു. 2017 ലായിരുന്നു പത്മശ്രീ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചത്. ഭാര്യ: പരേതയായ ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്.