ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ടീം

തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം എന്‍.സി.പിയുടെ മുന്നണി വിടലില്‍ കലാശിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇടതുമുന്നമി വിടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്ററും മാണി സി കാപ്പന് എം.എല്‍.എയും വ്യക്തമാക്കുന്നുണ്ടെങ്കിലും അത് താല്ക്കാലികമായ ‘അടവ് നയം’ മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം. ഇടത് മുന്നണിയില്‍ തന്നെ ഉറച്ച് നിക്കുമെന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ വാക്കുകള്‍ മാത്രമാണ് വിശ്വാസ്യ യോഗ്യമായിട്ടുള്ളത്. പാര്‍ട്ടി യു.ഡി.എഫിലേക്ക് പോയാലും ശശീന്ദ്രന് ഉള്‍പ്പടേയുള്ള വിഭാഗം എല്‍.ഡി.എഫില്‍ തന്നെ ഉണ്ടാവും. അതേസമയം എന്‍.സി.പിയെ മുന്നണിയിലേക്ക് എത്തിക്കാനുള്ള നീക്കം ശക്തമാക്കുകയാണ് യു.ഡി.എഫ്.

എന്‍.സി.പിയെ യു.ഡി.എഫില്‍ എത്തിക്കുന്നത് സംബന്ധിച്ചുള്ള പരസ്യമായ നിലപാട് യു.ഡി.എഫ് വ്യക്തമാക്കി കഴിഞ്ഞു. മുന്നണി മാറിയെത്തിയാല്‍ പാലാ സീറ്റില്‍ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യം പരസ്യമായി പറഞ്ഞത് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് ആണ്. പാലാ ഉള്‍പ്പടെ എല്‍.ഡി.എഫില്‍ ലഭിച്ച അത്രയും സീറ്റുകള്‍ തന്നെ എന്‍.സി.പി നല്‍കാമെന്നാണ് യു.ഡി.എഫിന്റെ വാഗ്ദാനം.
എന്നാല്‍ യു.ഡി.എഫില്‍ നിന്ന് ലഭിക്കുന്ന സീറ്റുകളുടെ വിജയ സാധ്യതയില്‍ എന്‍.സി.പിക്കുള്ള ആശങ്കയുണ്ട്. എല്‍.ഡി.എഫില്‍ നിന്നുകൊണ്ട് പാര്‍ട്ടി വിജയിച്ച് വരുന്ന സീറ്റുകളാണ് കുട്ടനാടും എലത്തൂരും. രണ്ട് മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് ശക്തമായ അടിത്തറയുണ്ട്. യു.ഡി.എഫില്‍ എത്തുമ്പോള്‍ പാലാ ലഭിക്കുമെങ്കിലും എലത്തൂരും കുട്ടനാടും നഷ്ടപ്പെട്ടേക്കുമെന്ന അഭിപ്രായമാണ് എ.കെ ശശീന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും മുന്നോട്ട് വെക്കുന്നത്.
യു.ഡി.എഫില്‍ പോവുമ്പോള്‍ പാലാ ലഭിച്ചാല്‍ തന്നെ വിജയ സാധ്യതയുടെ കാര്യത്തില്‍ സംശയമാണ്. ഉപതിരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് പാലായില്‍ വിജയിക്കാന്‍ മാണി സി കാപ്പന് സാധിച്ചത്. മണ്ഡലത്തില്‍ ശക്തമായ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തിയതോടെ ഇനിയൊരു അട്ടിമറി വിജയം പ്രതീക്ഷിക്കാന്‍ വകയില്ല. പാലാ സീറ്റ് വിട്ടുകൊടുത്ത് വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് നേടുന്നതാണ് ഉചിതമെന്നും മാണി സി കാപ്പന് വിരുദ്ധ പക്ഷം പറയുന്നു.
എല്‍.ഡി.എഫിന് തുടര്‍ ഭരണം ലഭിക്കാനുള്ള സാധ്യത സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചപര്യത്തിലൊരു മുന്നണി മാറ്റം ആത്മഹത്യാപരമായിരിക്കുമെന്നും ശശീന്ദ്രന് വിഭാഗം ചൂണ്ടിക്കാട്ടുന്നു. മുന്നണി മാറ്റം മാണി സി കാപ്പന്റെ മാത്രം വ്യക്തിപരമായ ആവശ്യമാണെന്ന വികാരവും പാര്‍ട്ടിയില്‍ ശക്തിപ്പെട്ടു വരുന്നുണ്ട്. മുന്നണി മാറ്റം കൊണ്ടുള്ള നേട്ടം മാണി സി കാപ്പന് മാത്രമാണെന്നും പാര്‍ട്ടിക്ക് ദോഷം മാത്രമേ ഉള്ളുവെന്ന വികാരവും പാര്‍ട്ടിയിലുണ്ട്.
അതേസമയം, എന്‍.സി.പി ഒറ്റക്കെട്ടായി ഇല്ലെങ്കിലും ഒരു വിഭാഗത്തിനെയെങ്കിലും മുന്നണിയിലെത്തിക്കാനുള്ള നീക്കം യുഡിഎഫും സജീവമാക്കുന്നുണ്ട്. എന്നാല്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ മാത്രം മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഇതോടെ സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ദേശീയ തലത്തിലെ ചര്‍ച്ചകള്‍ പിളര്‍പ്പിന്റെ ആഘാതം കുറച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
എന്‍.സി.പിയുടെ മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തില്‍ നടത്തേണ്ടതില്ലെന്ന് നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് തന്നെയാണ് മുന്നോട്ട് വെച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള ഇടപെടലാണ് സംസ്ഥാനത്ത് നടക്കുന്നത്. അതേ ഇടപെടില്‍ തന്നെയാണ് കോണ്‍ഗ്രസിനെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മുന്നണി മാറ്റം സംബന്ധിച്ച് എന്‍.സി.പിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തതിനാല്‍ അവരുടെ കേന്ദ്ര നേതൃത്വമാണ് വിഷയത്തില്‍ ഇടപെടുന്നത്. മുന്നണി മാറ്റം സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തും. യുഡിഎഫിലേക്കുള്ള ചുവടുമാറ്റത്തിന് ദേശീയ നേതൃത്വത്തിന് വലിയ എതിര്‍പ്പുകള്‍ ഒന്നുമില്ല. നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്നാണ് ശരദ് പവാര്‍ അടക്കമുള്ള നേതാക്കളുടെ നിലപാട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മല്‍സരിച്ച നാലു സീറ്റുകളും ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് വിടാമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതേസമയം ഇടതുമുന്നണി വിടുന്നത് സംബന്ധിച്ചുള തര്‍ക്കത്തില്‍ കേന്ദ്ര നേതൃത്വവുമായി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തും. മുന്‍ കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ തോമസും എല്‍.ഡി.എഫില്‍ ഉറച്ച് നില്ക്കും.
.
പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണം എന്നാണ് എന്‍.സി.പിയോട് എല്‍.ഡി.എഫ് ആവശ്യപ്പെടുന്നത്. കുട്ടനാടും എലത്തൂരും ഉള്‍പ്പടേയുള്ള ശേഷിക്കുന്ന മൂന്ന് സീറ്റുകളും അവര്‍ക്ക തന്നെ നല്ക്കും. പാലാ സീറ്റിന് പകരമായി രാജ്യസഭാ സീറ്റ്. അല്ലെങ്കില്‍ വിജയം ഉറപ്പുള്ള മറ്റൊരു സീറ്റ് എന്നതാണ് എല്‍.ഡി.എഫിന്റെ വാഗ്ദാനം. എന്നാല്‍ പാലാ സീറ്റ് ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് മാണി സി കാപ്പന്റെ നിലപാട്.
പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കാനാണ് സി.പി.എം തീരുമാനം. എന്നാല്‍ അതിന്റെ പേരില്‍ എന്‍.സി.പി മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാന്‍ സിപിഎമ്മും ശ്രമം തുടങ്ങിയിട്ടുണ്ട്. കാപ്പന്റെ നിലപാടിനോട് എതിര്‍പ്പുള്ള വിഭാഗത്തോടെ അനുഭാവം കാട്ടുക എന്നതാണ് സി.പി.എം തന്ത്രം. എകെ ശശീന്ദ്രന്റെ എലത്തൂര്‍ മണ്ഡലം തിരികെ എടുക്കാന്‍ സി.പി.എം ആലോചിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്തരം ചര്‍ച്ചകള്‍ എല്ലാം ഒഴിവാക്കിയിരിക്കുകയാണ് സി.പി.എം.