ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് സ്‌പെഷല്‍

തിരുവനന്തപുരം: ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരനെ അനുനയിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കും. എ.കെ ആന്റണിയാണ് സമാധാന ദൗത്യത്തിന്റെ സൂത്രധാരന്‍. ഇതിന് ഉമ്മന്‍ ചാണ്ടിയും സമ്മതം മൂളിയതോടെ ‘എ’ ഗ്രൂപ്പ് ഒന്നിച്ചത് ഇതര ഗ്രൂപ്പുകാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്ന് പറയാം.

കെ മുരളീധരന്റെ പരാതികള്‍ പരിഹരിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. ഈ നീക്കത്തോടെ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് നോക്കില്ല എന്ന കോണ്‍ഗ്രസിന്റെ വാദം ശരിക്കും സത്യമാകുന്നു എന്നാണ് മനസിലാക്കേണ്ടത്. അതേസമയം സര്‍പ്രൈസ് മണ്ഡലമായിരിക്കും കെ മുരളീധരനായി നല്‍കുക എന്നാണ് സൂചന. കെ മുരളീധരന്‍ തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ട് പാര്‍ട്ടി നേതൃത്വുവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. വടകരയില്‍ മുല്ലപ്പള്ളി അടക്കം നടത്തിയ പരാമര്‍ശങ്ങള്‍ ആര്‍.എം.പിയുമായുള്ള ബന്ധത്തിലും വിള്ളലുണ്ടാക്കി. ഇതേ തുടര്‍ന്ന് വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
ഒടുവില്‍ നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ കേരളത്തിലെ എംപിമാരില്‍ കെ മുരളീധരന് മാത്രമാണ് ഇളവ് നല്‍കുക. എ.കെ ആന്റണിയാണ് മുരളീധരനെ മത്സരിപ്പിക്കാനായി നിര്‍ദേശിച്ചത്. കേരളത്തിലെ കോണ്‍ഗ്രസില്‍ അദ്ദേഹം കാര്യമായി ഇടപെടുന്നു എന്ന് വ്യക്തമാക്കുകയാണ്. നേരത്തെ രാമചന്ദ്രനെ മാറ്റാന്‍ നിര്‍ദേശിച്ചതും ആന്റണിയായിരുന്നു. മുല്ലപ്പള്ളിയെ മാറ്റാനുള്ള നീക്കം കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരനെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ്. ആന്റണിക്ക് പുറമേ ഉമ്മന്‍ ചാണ്ടിയും കെ മുരളീധരന്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്നു.
കരുണാകരന്റെ മകനെ എ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായി പിന്തുണച്ചു എന്നതാണ് കോണ്‍ഗ്രസിലെ ഞെട്ടിക്കുന്ന കാര്യം. രണ്ട് ദിവസം മുമ്പ് മുരളീധരന്‍ നടത്തിയ ഒരുപരാമര്‍ശം എ ഗ്രൂപ്പിനെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. കരുണാകരനെ ഇല്ലാതാക്കാന്‍ നോക്കിയവര്‍ ഇപ്പോഴും അത് തുടരുന്നുവെന്നും, കരുണാകരനൊപ്പം നിന്നവരെയാണ് വേട്ടയാടുന്നതെന്നും പറഞ്ഞിരുന്നു. ഇത് എ ഗ്രൂപ്പിനെ ഉന്നമിട്ടായിരുന്നു. ഇതോടെയാണ് മുരളീധരനെ ഇറക്കി ആ ആരോപണത്തെ പൊളിക്കാന്‍ എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എന്തായാലും കേരളത്തിലെ മറ്റൊരു നേതാക്കള്‍ക്കും ഇളവ് നല്‍കില്ല എന്നാണ് തീരുമാനം.
മുരളീധരന്‍ മത്സരിക്കുകയാണെങ്കില്‍ സര്‍പ്രൈസ് സീറ്റ് തന്നെ കോണ്‍ഗ്രസ് നല്‍കും. വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് സാധ്യത. പകരം ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തനായ നേതാവിനെ തന്നെ ഇറക്കും. തൃശൂരിലോ വടകരയിലോ അതല്ലെങ്കില്‍ വട്ടിയൂര്‍ക്കാവിലോ മുരളീധരനെ മത്സരിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ ശക്തമാണ്. വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ് കൈവിട്ട മണ്ഡലമായത് കൊണ്ട് തിരിച്ചുപിടിക്കാന്‍ അവിടെ തന്നെയിറക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പ്രശാന്തിന് കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും.
മുരളീധരനെ നേമത്ത് മത്സരിപ്പിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ മുരളീധരന്‍ മത്സരിക്കുന്ന കാര്യം തന്നെ തള്ളി. എംപിമാര്‍ മത്സരിക്കില്ല എന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളത്തിനായി താന്‍ ദില്ലിയിലേക്ക് പോവുകയാണ്. നോമിനേഷന്‍ കൊടുക്കേണ്ട തിയ്യതി കഴിഞ്ഞേ മടങ്ങി വരൂ എന്നും മുരളീധരന്‍ പറഞ്ഞു. നേമം ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുക്കുക എന്ന ലക്ഷ്യം കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതേസമയം സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം വരുമെന്ന് തന്നെയാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.
കെ സുധാകരന്‍ വരുന്നതിന് തടസ്സം നില്‍ക്കുന്നത് കെ.സി വേണുഗോപാലാണ്. മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനം വഹിച്ച് തന്നെ തിരഞ്ഞെടുപ്പിനെ നേരിടട്ടെ എന്നാണ് വേണുഗോപാലിന്റെ നിലപാട്. ആന്റണി അടക്കമുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. സുധാകരനെ തന്നെ കൊണ്ടുവരാനാണ് ആന്റണിയുടെ നീക്കം. മുരളീധരന്‍ മത്സരിക്കുകയും സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാവുകയും ചെയ്യുമ്പോള്‍ ഐ ഗ്രൂപ്പിനും തിരഞ്ഞെടുപ്പില്‍ അവസരം ലഭിച്ചെന്ന് ബോധ്യമാവും. അതിലൂടെ നേതൃത്വത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവുകയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യം.
കോണ്‍ഗ്രസിന് മുന്‍തൂക്കം ഇപ്പോള്‍ കേരളത്തിലുണ്ടെന്നാണ് ഹൈക്കമാന്‍ഡ് സര്‍വേ പ്രവചിക്കുന്നത്. 73 മുതല്‍ 78 സീറ്റ് വരെ യു.ഡി.എഫ് നേടുമെന്നാണ് സര്‍വേയില്‍പറയുന്നത്. മൂന്ന് സ്വകാര്യ ഏജന്‍സികളെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ സര്‍വേയ്ക്ക് നിയോഗിച്ചത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 50 സീറ്റ് വരെ നേടുമെന്നും സര്‍വേയില്‍ പറയുന്നു. മലബാറിലാണ് യു.ഡി.എഫ് വലിയ നേട്ടമുണ്ടാക്കുക. വടക്കന്‍ കേരളത്തില്‍ യു.ഡി.എഫ് 35 സീറ്റുകള്‍ വരെ നേടും. മുസ്ലീം ലീഗ് ഒഴികെ മറ്റ് ഘടകകക്ഷികളുടെ നില മോശമാകുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് കിട്ടുന്ന സീറ്റുകളില്‍ പകുതി മലബാറില്‍ നിന്നാവുമെന്നാണ് പ്രവചനം. 40 മണ്ഡലങ്ങളില്‍ അധികം ത്രികോണ പോരാട്ടമുണ്ടാകുമെന്നും സര്‍വേ പറയുന്നു.