അബുദാബി: മൂന്ന് ദിവസത്തെ മിഡിൽ ഈസ്റ്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുഎഇയില്‍ നിന്ന് മടങ്ങി. വ്യാഴാഴ്ചയാണ് ട്രംപ് യുഎഇയിലെത്തിയത്. യുഎസ് പ്രസിഡന്‍റിന്‍റെ ചരിത്രപരമായ സന്ദര്‍ശനത്തിനൊടുവില്‍ ട്രംപിന് രാജകീയമായ യാത്രയയപ്പാണ് നല്‍കിയത്.
യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ട്രംപിനെ യാത്ര അയയ്ക്കാന്‍ എത്തിയിരുന്നു. അമേരിക്കയും യുഎഇയും തമ്മിൽ 20,000 കോടി ഡോളറിന്റെ കരാറുകൾ ഒപ്പുവെച്ചാണ് യുഎസ് പ്രസിഡന്‍റിന്‍റെ മടക്കം. മിഡിൽഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇയിൽ എത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്. ഇതു കൂടാതെ പത്തു വർഷത്തിനിടെ അമേരിക്കയിൽ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം യുഎഇ നടത്തുമെന്നും പ്രഖ്യാപിച്ചു.
recommended by
വ്യോമയാനം, പ്രകൃതിവാതക ഉൽപ്പാദനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലാണ് ഇരു രാജ്യങ്ങളും പ്രധാനമായും കരാറുകൾ ഒപ്പുവെച്ചത്. ബോയിംഗ്, ജിഇ എയ്‌റോസ്‌പേസ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവ തമ്മിൽ 1450 കോടി ഡോളറിന്റെ ധാരണാപത്രത്തിലും ഒപ്പുവെച്ചു. അബുദാബിയിൽ പുതിയ അഞ്ച് ജിഗാവാട്ട് ശേഷിയുള്ള യുഎഇ-യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമ്പസ് തുറക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി. അമേരിക്കയും യുഎഇയും തമ്മിലുള്ള സാങ്കേതിക സഹകരണം കൂടുതൽ ശക്തമാക്കുന്നതായിരിക്കും ഈ പദ്ധതി. ഇതിന്റെ ആദ്യ ഘട്ടം ട്രംപും ശൈഖ് മുഹമ്മദും ചേർന്ന് നിർവഹിച്ചു. പ്രകൃതിവാതക മേഖലയിൽ അമേരിക്കൻ കമ്പനികളായ എക്സോൺ മൊബിൽ, ഓക്സിഡന്റൽ പെട്രോളിയം, ഇഒജി റിസോഴ്സസ് എന്നിവയുമായി അഡ്നോക് 6000 കോടി ഡോളറിന്റെ കരാറിലെത്തുകയും ചെയ്തു.