തിരുവല്ല: അനധികൃതമായി വിദേശ സഹായം സ്വീകരിച്ച സംഭവത്തില്‍ ബിഷപ്പ് കെ.പി യോഹന്നാന്‍ വരുന്ന തിങ്കളാഴ്ച കൊച്ചിയില്‍ ഹാജരാവാന്‍ ഇന്‍കം ടാക്‌സിന്റെ സമന്‍സ്. ബിലീവേഴ്‌സ് സഭയിലെ മുതിര്‍ന്ന പുരോഹിതര്‍, ഉദ്യോഗസ്ഥര്‍, സഭയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വിശ്വാസികള്‍ എന്നിവരോടാണ് കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആസ്ഥാനത്തും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഇന്‍കം ടാക്‌സ് റെയ്ഡില്‍ ഇതുവരെ 17 കോടിരൂപ പിടിച്ചെടുത്തു. റെയ്ഡില്‍ ആറായിരം കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഇടപാടുകളുടെ കൃത്യമായ കണക്കുകള്‍ ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്താന്‍ ബിഷപ്പ് കെ.പി യോഹന്നാനോ ബിലീവേഴ്‌സ് ചര്‍ച്ചിനോ സാധിച്ചില്ല.

അതേസമയം അമേരിക്കയിലുള്ള ബിഷപ്പ് കെ.പി യോഹന്നാനെയും പ്രധാന ചുമതല വഹിക്കുന്ന ഫാ. ഡാനിയല്‍ വര്‍ഗീസിനെയും നാട്ടിലെത്തിക്കാനുള്ള നീക്കം ആദായ നികുതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കു എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കള്ളപ്പണം സൂക്ഷിച്ചിരുന്ന സംഭവത്തില്‍ ഫാദര്‍ സിജോ പന്തപ്പള്ളിലിനെ ചോദ്യം ചെയ്യും.
ബിലീവേഴ്‌സ് ചര്‍ച്ചില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡില്‍ കേരളം സമീപ കാലത്ത് കേട്ടിട്ടില്ലാത്ത തട്ടിപ്പിന്റെ കഥകളാണ് പുറത്തുവന്നത്. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് വിദേശ സഹായമായി സ്വീകരിച്ചതെന്ന് ആദായ നികുതി വകുപ്പ് റെയ്ഡില്‍ കണ്ടെത്തി. 300 കോടി രൂപയുടെ അനധികൃത ഇടപാട് നടത്തിയതായി ആദായ നികുതി വകുപ്പിന് ബോധ്യമായി. വിദേശ സഹായമായി ലഭിച്ച പണം റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ ചെലവഴിച്ചുവെന്നാണ് കണ്ടെത്തല്‍.
സഭാ വക്താവും മെഡിക്കല്‍ കോളേജ് മാനേജരുമായ ഫാ. സിജോ പന്തപ്പള്ളിലും മറ്റൊരു ജീവനക്കാരിയും നിര്‍ണായക തെളിവുകള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവും, ഐഫോണും നശിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം തടഞ്ഞ് നിര്‍ണായക തെളിവുകള്‍ സുരക്ഷിതമാക്കി. ഇത് ബിഷപ്പ് കെ.പി യോഹന്നാനെതിരെയുള്ള കുരുക്കായി മാറും.
ഇതുവരെ പിടിച്ചെടുത്ത 17 കോടി രൂപയില്‍ 2 കോടി രൂപയുടെ നിരോധിത നോട്ടുകളും ഉള്‍പ്പെടും. ഏഴുകോടി രൂപ അണ്ടര്‍ ഗ്രൗണ്ടിലെ പാര്‍ക്കിങ് ഏരിയയിലെ ഒരു കാറില്‍ നിന്നാണ് കണ്ടെത്തിയത്. ഇത് ബിലീവേഴ്‌സ് ആശുപത്രി ജീവനക്കാരന്റെ പേരിലുള്ള കാറാണെങ്കിലും ഉപയോഗിച്ചിരുന്നത് ഫാ. സിജോ പന്തപ്പള്ളിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അനധികൃത ഇടപാട് നടത്തിയെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ബിലീവേഴ്‌സിന്റെ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ 2016 ല്‍ റദ്ദാക്കിയിരുന്നു. പിന്നീട് തട്ടിപ്പിനായി വിവിധ ട്രസ്റ്റുകള്‍ രൂപീകരിച്ച് ബിലീവേഴ്‌സ് രജിസ്‌ട്രേഷന്‍ നേടാന്‍ ശ്രമം തുടര്‍ന്നു. അമേരിക്കന്‍ സര്‍ക്കാര്‍ ഏകദേശം 200 കോടി രൂപ ബിലീവേഴ്‌സ് പിഴയിട്ടതായും കേന്ദ്ര സര്‍ക്കാരിനും ആദായ നികുതി വകുപ്പിനും ബോധ്യമായിട്ടുണ്ട്.