കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കിലാക്കി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി. യുഎഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കാര്യങ്ങളുടെ ചുമതല മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനായിരിക്കുമെന്നും മുഖ്യമന്ത്രി അനൌദ്യോഗികമായി അറിയിച്ചുവെന്നും സ്വപ്ന സുരേഷ് മൊഴിയില്‍ പറയുന്നു. സ്‌പേസ് പാര്‍ക്കില്‍ തനിക്ക് ജോലി ലഭിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രിക്കറിയാമായിരുന്നുവെന്നും മൊഴിയില്‍ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. 2017ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ വെച്ചാണ് യുഎഇ കോണ്‍സല്‍ ജനറലുമായി സ്വകാര്യ കൂടിക്കാഴ്ച നടന്നിട്ടുള്ളത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ താനും പങ്കെടുത്തതായി സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അക്കാലത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ തന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. താന്‍ ശിവശങ്കറിനെ അങ്ങോട്ട് വിളിക്കാറുണ്ടെന്നും ഇങ്ങനെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നുമാണ് മൊഴിയില്‍ പറയുന്നത്. ശിവശങ്കറിനെ അടുത്ത് പരിചയമുണ്ടെന്ന് വ്യക്തമാക്കിയ സ്വപ്ന താന്‍ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി ആയി നിയമിക്കപ്പെട്ടതോടെ മുഖ്യമന്ത്രിയ്ക്കും തന്നെ അറിയാമായിരുന്നുവെന്നും സ്വപ്ന സാക്ഷ്യപ്പെടുത്തുന്നു. സ്‌പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച് ശിവശങ്കറാണ് തന്നോട് പറഞ്ഞതെന്നാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്.
ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ നിയമിച്ചതിനെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി ഈ വിവാദത്തില്‍ സ്വീകരിച്ച നിലപാട്. സംഭവം വിവാദമായതോടെ മാത്രമാണ് നിയമനത്തെക്കുറിച്ച് അറിഞ്ഞതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മൊഴി സംബന്ധിച്ച ചോദ്യങ്ങളോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്തരം നിയമനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ലെന്നും വിവാദത്തിന് ശേഷമാണ് ഇതേക്കുറിച്ച് താന്‍ അറിഞ്ഞതെന്നും മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1809 നമ്പര്‍ ലോക്കറും ഫെഡറല്‍ ബാങ്കില്‍ എംഎസ്എക്‌സ് സി 190 എന്ന നമ്പര്‍ ലോക്കറുമുണ്ടെന്ന് സ്വപ്ന മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ എസ്ബിഐയിലെ ലോക്കര്‍ ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് വേണുഗോപാലുമായി ചേര്‍ന്നാണ് ആരംഭിച്ചിട്ടുള്ളതെന്നും. 100 120 പവനും ഇടയില്‍ സ്വര്‍ണ്ണം ഈ ലോക്കറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കറിന് പുറമമേ സ്വപ്ന സുരേഷിന്റെയും ചാര്‍ട്ടേഡ് അക്കൌണ്ടന്റാണ് വേണുഗോപാല്‍. ചാര്‍ട്ടേഡ് അക്കൌണ്ടിനൊപ്പം ബാങ്ക് ലോക്കര്‍ തുറക്കാനുള്ള നിര്‍ദേശം നല്‍കിയത് ശിവശങ്കറാണെന്നും സ്വപ്ന നേരത്തെ കേന്ദ്ര ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു.
സ്വപ്നയുടേയും വേണുഗോപാലിന്റെയും പേരിലുള്ള സ്വര്‍ണ്ണം, കറന്‍സി എന്നിവയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. വേണുഗോപാല്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ ലോക്കറിലെ പണം സംബന്ധിച്ചുള്ള കണക്കുകളുണ്ട്. ലോക്കര്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ശിവശങ്കറിന് കൈമാറിയിട്ടുള്ളതെന്നാണ് വിവരം. സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിവരുന്നുണ്ട്.