ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ടീം

തിരുവനന്തപുരം: വരുന്ന മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗ് അപ്രതീക്ഷിതമായ ചില രാഷ്ട്രീയക്കളികളിലൂടെ മുന്നണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ദയനീയമായ തോല്‍വിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തുടര്‍ച്ചയുടെ ലഹരിയിലാണ്.

അതേസമയം, നാളിതുവരെ സംഭവിക്കാത്ത പ്രതിസന്ധികളില്‍ ഭരണ മുന്നണി അകപ്പെട്ടിട്ടും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ അവരുടെ മിന്നുന്ന വിജയം ജനകീയ അടിത്തറയുടെ അളവുകോലായാണ് വിലയിരുത്തപ്പെടുന്നത്. ലൈഫ് മിഷന്, സ്വര്‍ണ്ണക്കള്ളക്കടത്ത്, കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ കേസും വഴക്കും തുടങ്ങിയ ഗുരുതര വിഷയങ്ങളെ ജനമധ്യത്തില്‍ ഉയര്‍ത്തിക്കാട്ടി അത് വോട്ടാക്കി മാറ്റാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. ആ നിലയ്ക്കാണ് കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു മുന്നണി അതിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കിക്കൊണ്ട് കളത്തിലിറങ്ങിയിരിക്കുന്നത്.
യു.ഡി.എഫ് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന്റെ പരാജയം മുതലെടുക്കാനാണ് ലീഗ് തന്ത്രങ്ങള്‍ മെനയുന്നത്. ലോക്സഭാംഗമായ കുഞ്ഞാലിക്കുട്ടിയെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചിറക്കുക വഴി ലീഗ് സ്വപ്നം കാണുന്നതും വിലപേശലിന്റെ രാഷ്ട്രീയ വിജയമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ മല്‍സരിച്ച മുസ്ലിം ലീഗ് 18 സീറ്റില്‍ വിജയിച്ച് കരുത്ത് തെളിയിക്കുകയുണ്ടായി. എന്നാല്‍ ഇക്കുറി ജോസ് കെ മാണി ഉള്‍പ്പെടെ മുന്നണിയിലെ ചില കക്ഷികള്‍ കൊഴിഞ്ഞുപോയ ഒഴിവില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചുവാങ്ങാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ സീറ്റും മലബാറില്‍ തന്നെയാകും. തെക്കന്‍ കേരളത്തില്‍ മുമ്പ് മല്‍സരിച്ച സീറ്റുകളിലും മുസ്ലിം ലീഗിന് കണ്ണുണ്ട്.
കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടു സീറ്റുകള്‍ അധികമായി ചോദിച്ചു വാങ്ങണം എന്നാണ് അവരുടെ തീരുമാനം. മൂന്ന് സീറ്റുകളാണ് ജില്ലാ നേതൃത്വം കാണുന്നത്. വടകര, പേരാമ്പ്ര, ബേപ്പൂര്‍ എന്നിവയാണവ. അതില്‍ രണ്ടെണ്ണം നിര്‍ബന്ധമായും ചോദിച്ചു വാങ്ങണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ ബാലുശേരി ഇനി വേണ്ട. പകരം നേരത്തെ മുസ്ലിം ലീഗ് മല്‍സരിച്ചിരുന്ന കുന്ദമംഗലം തിരിച്ചുവാങ്ങണമെന്നും നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അധികം കിട്ടുന്ന സീറ്റുകള്‍ കൈവശപ്പെടുത്താന്‍ യൂത്ത് ലീഗ് സമ്മര്‍ദ്ദം തുടങ്ങിക്കഴിഞ്ഞു. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കാന് മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്.
വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യ തിരുവതാംകൂറില്‍ ഏറ്റ തിരിച്ചടി മറികടക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കിയത് തന്നെ കോണ്‍ഗ്രസ്സാണ്. സകല അരമനകളിലും കയറി ഇറങ്ങി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി കൊണ്ടിരിക്കവെ അപ്രതീക്ഷിത പ്രതികരണമാണ് െ്രെകസ്തവ സംഘടനകളില്‍ നിന്നും ഇപ്പോള്‍ യു.ഡി.എഫിനെതിരെ ഉണ്ടായികൊണ്ടിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയാണ് തങ്ങളുടെ പ്രസിദ്ധീകരണമായ സത്യ ദീപത്തിലൂടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങിയെന്നും യു.ഡ.ിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടുവെന്ന വികാരമാണ് ആളുകള്‍ക്ക് ഉള്ളതെന്നുമാണ് ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ തോല്‍വിക്ക് അക്കമിട്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സഭാ പ്രസിദ്ധീകരണത്തിന്റെ വിമര്‍ശനം. യു.ഡി.എഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായത് കൊണ്ടാണ് ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു. പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യു.ഡി.എഫ് ക്ഷയിക്കുമത്രേ. കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫ് ഏല്‍പ്പിച്ച ദൗത്യം പാളിയതായാണ് സഭയുടെ ഈ പ്രതികരണത്തിലൂടെ വ്യക്തമായിരിക്കുന്നത്.
സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സി.പി.എമ്മിനായെന്നും ക്ഷേമ പെന്ഷന്, ഭക്ഷ്യകിറ്റ്, കോവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലൂടെ ജനങ്ങള്‍ക്ക് ഒപ്പമുള്ള സര്‍ക്കാരാണ് ഇതെന്ന് തെളിയിക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞതായും സത്യദീപം എടുത്ത് പറഞ്ഞിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയാണ് നിലവില്‍ പരസ്യമായി രംഗത്ത് വന്നതെങ്കിലും മിക്ക അതിരൂപതകള്‍ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളതെന്നാണ് സൂചന. കോണ്‍ഗ്രസ്-ലീഗ് നേതൃത്വത്തെ മാത്രമല്ല ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിനെയും സഭകളുടെ ഈ നിലപാട് ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
ജോസ് കെ മാണി വിഭാഗത്തിന് എതിരായ നിലപാട് സ്വീകരിക്കുന്ന െ്രെകസ്തവ വിഭാഗം പോലും യു.ഡി.എഫിനെ കൈവിടുന്നതിനെ രാഷ്ട്രീയ നിരീക്ഷകരും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. മുസ്ലീംലീഗിന്റെ അപ്രമാധിത്വം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് െ്രെകസ്തവ സംഘടനകള്‍. െ്രെകസ്തവ വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ മധ്യ തിരുവിതാംകൂറില്‍ കോണ്‍ഗ്രസ്സിനാണ് അത് വലിയ പ്രഹരമാകുക. ഭരണം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനമെന്ന കുഞ്ഞാലിക്കുട്ടിയുടെ സ്വപ്നത്തിനാണ് അതോടെ പ്രതീക്ഷയേകുക. ഈ സാധ്യത മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ തന്നെയാണ് ലീഗും നിലവില്‍ നടത്തിവരുന്നത്.