ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമാദരണീനായ നേതാവ് രാഹുല്‍ഗാന്ധിയെ പിടിച്ചു തള്ളുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയെ ശക്തമായി അപലപിക്കുകയും എല്ലാ പ്രതിസന്ധികളെയും മറികടന്നു കൊണ്ട് പെണ്‍കുട്ടിയുടെ വീട് സന്ദര്ശിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്കയെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നുവെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151 മത് ജന്മദിനത്തോടനുബന്ധിച്ചു ഐ.ഒ.സി) (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നടത്തിയ നേതൃസമ്മേളനത്തില്‍ വിവിധ നേതാക്കള്‍ സംസാരിച്ചു. ഒക്ടോബര്‍ 4 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫ്‌ഫോര്‍ഡ് ക്രിസ്ത്യന്‍ സെന്ററില്‍ വച്ച് കൂടിയ ഗാന്ധിജയന്തി സമ്മേളനത്തില്‍ ലോകസമാധാനത്തിന് എന്നെന്നും മാര്‍ഗദര്‍ശിയായി തീര്‍ന്ന, അഹിംസയില്‍ കൂടി ഇന്ത്യാ മഹാരാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ നമ്മുടെ ജീവിത ശൈലിയായി തീരണമെന്നു പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മോദിയുടെയും യോഗിയുടെയും ജനവിരുദ്ധ വര്‍ഗീയ നിലപാടുകളും നയങ്ങളും ഇന്ത്യയെ പുറകോട്ടടിച്ചു കൊണ്ടിരിക്കയാണെന്നും സമ്മേളനം വിലയിരുത്തി.
വര്‍ഗീയ പ്രതിലോമ ശക്തികള്‍ ഇന്ത്യയില്‍ വളര്‍ന്നു വരാന്‍ അനുവദിക്കരുതെന്നും ഗാന്ധി ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയൊന്നു കൊണ്ട് മാത്രമേ രാജ്യത്തെ മതേതരത്വം സംരക്ഷിക്കപെടാന്‍ കഴിയുള്ളുവെന്നും സമ്മേളനം വിലയിരുത്തി.
വൈസ് പ്രസിഡണ്ട് പൊന്നു പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഐ.ഒ.സി (കേരള) ദേശീയ വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ ഉത്ഘാടനം ചെയ്തു, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍. ഐ.ഒ.സി (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ജോസഫ് ഏബ്രഹാം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എ.സി.ജോര്‍ജ്, കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഏബ്രഹാം (രാജു), അലക്‌സ് മാത്യു, യുവ നേതാക്കളായ എബി.കെ. ഐസക്, ബിനോയ് ലുക്കോസ് തത്തംകുളം തുടങ്ങിയവര്‍ സംസാരിച്ചു.
കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തുകൊണ്ടും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടും ഐ.ഒ.സി ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന് തീരുമാനിച്ചു. ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി വാവച്ചന്‍ മത്തായി സ്വാഗതവും ട്രഷറര്‍ ഏബ്രഹാം തോമസ് നന്ദിയും പറഞ്ഞു.