ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അനാലിസിസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ സ്വന്തം പാര്‍ട്ടിയിലും മണ്ഡലത്തിലും അനഭിമതനാവുകയാണോ..? ഈ ചോദ്യത്തിനിപ്പോള്‍ വലിയ പ്രസക്തിയുണ്ട്. മുഖ്യമന്ത്രിയാകാന്‍ മോഹിക്കുന്ന അദ്ദേഹത്തിന് എം.എല്‍.എ ആകണമെങ്കില്‍ പോലും വലിയ പ്രയാസമുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തില്‍ പാര്‍ട്ടി അമ്പേ പിന്നിലായി.

മാത്രമല്ല, ഹരിപ്പാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസ്സ് മുന്നിലെത്തിയിട്ടില്ല. ചെന്നിത്തലയുടെ സ്വന്തം വാര്‍ഡില്‍ പോലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടുവെന്നത് ദയനീയമാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ച മണ്ഡലവും ഹരിപ്പാടാണ്. ഈ സാഹചര്യത്തില്‍ ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിക്കുന്നത് വലിയ റിസ്‌ക്ക് ആണ്. ചെന്നിത്തല മണ്ഡലം മാറുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും അദ്ദേഹം അത് നിക്ഷേധിച്ചിച്ചുണ്ട് എന്നത് മറ്റൊരു കാര്യം. എം.എല്‍.എമാര്‍ മണ്ഡലം മാറേണ്ടതില്ലന്ന പാര്‍ട്ടിയിലെ അഭിപ്രായവും ചെന്നിത്തലയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
ഹരിപ്പാടിന്റെ രാഷ്ട്രീയ മനസ് ഇപ്രകാരമാണ്…
2006 ല്‍ സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ച മണ്ഡലമാണ് ഹരിപ്പാട്. ബാബുപ്രദാസിന് ശേഷം തുടര്‍ച്ചയായി രണ്ട് തവണ രമേശ് ചെന്നിത്തല മണ്ഡലത്തില്‍ വിജയിക്കുകയും ചെയ്തു. ആദ്യത വണത്തേതിനേക്കാള്‍ രണ്ടാം തവണ ഭൂരിപക്ഷം മൂന്നിരട്ടിയിലേറെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഹരിപ്പാടിനെ മാറിമറിയുന്ന മണ്ഡലം എന്ന് വിശേഷിപ്പിക്കാം. ആര്‍.എസ്.പിയും സി.പി.എമ്മും കോണ്‍ഗ്രസും എല്ലാം ഇവിടെ മാറി മാറി വിജയിച്ചിട്ടുണ്ട്. എന്നാല്‍ മണ്ഡല ചരിത്രത്തില്‍ ഏറ്റവും അധികം തവണ വിജയിച്ചു എന്ന നേട്ടം കോണ്‍ഗ്രസിന് തന്നെ സ്വന്തം.
ചെന്നിത്തലയെ സംബന്ധിച്ച് ഹരിപ്പാട് മണ്ഡലം അത്രയേറെ വ്യക്തിബന്ധമുള്ള ഇടമാണ്. കോണ്‍ഗ്രസ് ഏഴ് തവണ ഇവിടെ വിജയിച്ചപ്പോള്‍ അതില്‍ നാലും രമേശ് ചെന്നിത്തല ആയിരുന്നു. തുടര്‍ച്ചയായ രണ്ട് ടേമുകളില്‍ രമേശ് ചെന്നിത്ത വിജയിച്ചുവന്നു. ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തില്‍ വിജയം മാത്രം സമ്മാനിച്ചിട്ടുള്ള ഇടമാണ് ഹരിപ്പാട്. നാല് തവണ എം.പിയും നാല് തവണ എം.എല്‍.എയും ആയിട്ടുള്ള ചെന്നിത്തല രണ്ട് തവണയാണ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യം കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ സുരേഷ് കുറുപ്പിനോടും രണ്ടാമത് മാവേലിക്കര മണ്ഡലത്തില്‍ സി.എസ് സുജാതയോടും.
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒമ്പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 18,621 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല വിജയിച്ചത്. ബി.ജെ.പി മുന്നണി സ്ഥാനാര്‍ഥി ഡി. അശ്വിനിദേവിനാകട്ടെ 13,000ന് താഴെ വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ജില്ലയില്‍ ഏറ്റവും കുറച്ച് വോട്ടുകള്‍ നേടിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും അശ്വനിദേവാണ്. സംഘപരിവാര്‍ വോട്ടുകള്‍ ചെന്നിത്തലക്ക് മറച്ചത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇത്തവണ ബി.ജെ.പി സ്വന്തം വോട്ട് പിടിച്ചാല്‍ ചെന്നിത്തലയ്ക്ക് അത് വലിയ തിരിച്ചടിയായാണ് മാറുക. ഇനി പരിവാര്‍ പിന്തുണയുണ്ടായാലും കോണ്‍ഗ്രസ്സിലെ ‘എ’ വിഭാഗം പാലം വലിച്ചാലും ചെന്നിത്തലയുടെ നില പരുങ്ങലിലാകും.
അതേസമയം, 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞു. അയ്യായിരത്തില്‍ പരം വോട്ടുകളായിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്ന ഹരിപ്പാട് മണ്ഡലത്തില്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കില്‍ എല്‍.ഡി.എഫ് ആണ് മുന്നില്‍. 3,383 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിനുള്ളത്. ഇത് കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു.
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും സി.പി.ഐ ആയിരുന്നു ഹരിപ്പാട് മത്സരിച്ചിരുന്നത്. ഇത്തവണ അരൂര്‍, ഹരിപ്പാട് സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും വച്ചുമാറാനുളള നീക്കം നടക്കുന്നു എന്നാണ് വിവരം. സി.പി.എം സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് വന്നാല്‍, മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകും എന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. മണ്ഡലത്തിലെ അവസാന സി.പി.എം എം.എല്‍.എ ആയ ടി.കെ ദേവകുമാറിനെ തന്നെ ഇത്തവണ രംഗത്തിറക്കാന്‍ സി.പി.എം ആലോചിക്കുന്നു എന്നാണ് വാര്‍ത്തകള്‍. രമേശ് ചെന്നിത്തല തന്നെ മത്സരിച്ചാലും ശക്തമായ പോരാട്ടത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്.
2006 ല്‍ ടി.കെ ദേവകുമാര്‍ പരാജയപ്പെട്ടത് വെറും 1,886 വോട്ടുകള്‍ക്കായിരുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ഹരിപ്പാട് മത്സരിക്കാന്‍ രമേശ് ചെന്നിത്തല ധൈര്യപ്പെടുമോ…? ചെന്നിത്തലയെ പോലെ ഒരാളെ ഹരിപ്പാട മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ധൈര്യപ്പെടുമോ…? എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ചെന്നിത്തലയെ സംബന്ധിച്ച് സുരക്ഷിത മണ്ഡലമായാണ് ഇതുവരെ ഹരിപ്പാടിനെ കണ്ടിരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തോടെ എതിര്‍പ്പ് കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ചെന്നിത്തലയുടെ പരിവാര്‍ ‘ബന്ധമാണ്’ മുസ്ലീം ലീഗിന്റെയും അതൃപ്തിക്ക് പ്രധാന കാരണം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചെന്നിത്തലയെ ഉയര്‍ത്തി കാട്ടരുതെന്ന നിലപാടിലേക്ക് എത്താന്‍ ലീഗിനെ പ്രേരിപ്പിച്ചതും ഇതു തന്നെയാണ്. യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ചെന്നിത്തലയെ ‘എ’ വിഭാഗവും കൈവിടുമെന്ന് തന്നെയാണ് രാഷ്ട്രിയ നിരീക്ഷകരും കരുതുന്നത്. സോളാര്‍ കേസ് വഷളാക്കിയതും ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കിയതും ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയാണെന്നാണ് ‘എ’ വിഭാഗം ഉറച്ച് വിശ്വസിക്കുന്നത്.
എ വിഭാഗം നേതാവായിരുന്ന ബെന്നി ബെഹന്നാനെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് തന്നെ ചെന്നിത്തലയുമായുള്ള കൂട്ട് കെട്ടിനോടുള്ള പ്രതികാരമായിരുന്നു. ‘ചതിക്ക് തിരിച്ച് ചതി’ എന്ന വികാരമാണ് ഉമ്മന്‍ചാണ്ടിയുടെ അനുയായികള്‍ക്കുള്ളത്. അതിനുള്ള സുവര്‍ണ്ണാവസരമായി അവര്‍ നോക്കി കാണുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയാണ്. ഹൈക്കമാന്റ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയെ നായകനാക്കാനാണ് ഹൈക്കമാന്റും തീരുമാനിച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.