ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ ജനകീയ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പോലീസ് ആക്രമണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് ലീല മാരേട്ട് ശക്തമായി അപലപിച്ചു.

ദുഖിതരായ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ യു.പി പോലീസ് കയ്യേറ്റം നടത്തി. നിലത്തുവീണ അദ്ദേഹത്തെ പോകാന്‍ അനുവദിക്കുന്നതിനുപകരം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുപോകണമെന്ന ആവശ്യം യു.പി പോലീസ് പരിഗണിക്കാതെ സംസ്‌കരിക്കുകയായിരുന്നു.
ഇത്രയും ഹീനമായ സര്‍ക്കാര്‍ പ്രവര്‍ത്തിയെ കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ രാജന്‍ പടവത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍ എന്നിവര്‍ ശക്തമായി അപലപിച്ചു. നമ്മുടെ രാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധാപത്യത്തിന്റെ മരണമണിയാണ് യു.പിയില്‍ മുഴങ്ങുന്നത്. രാജ്യത്തിന്റെ ഹൃദയം തകര്‍ത്ത കിരാതമായ നടപടിയാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. രാജ്യത്ത് ദളിതരും സ്ത്രീകളും ഹീനമായി പീഡിപ്പിക്കപ്പെടുന്നു.
ഈ ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുവാന്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും ഒന്നടങ്കം ഉയരണം. ഹത്രാസിലെ 19കാരിയുടെ ജഡം മാത്രമല്ല ചാമ്പലായത്. രാജ്യത്തെ പെണ്‍മക്കളുടെ മാനവും സ്വപ്നങ്ങളും കൂടിയാണ്.
ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ്, എല്‍ദോസ് കുന്നപ്പള്ളി, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ നയിക്കുന്ന ‘പ്രതിപക്ഷ ഇന്ത്യ’ സത്യാഗ്രഹ സമരത്തിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും നേതാക്കള്‍ അറിയിച്ചു.