പ്രതാപ്ഗഢ്: ബരാക് ഒബാമയുടെ പുസ്തകം ‘എ പ്രൊമിസ്ഡ് ലാന്‍ഡി’നെതിരെ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ കേസ്. ഒബാമ തന്റെ പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചും പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അവരെ അവഹേളിക്കുന്നതാണെന്ന് കാണിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കേസില്‍ ഒബാമക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.സമാനമായി യുപിയിലെ ലാല്‍ഗഞ്ജിലെ സിവില്‍ കോടതിയിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അഖിലേന്ത്യാ റൂറല്‍ ബാര്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഗ്യാന്‍ പ്രകാശ് ശുക്ലയാണ് കേസ് ഫയല്‍ ചെയ്തത്.

കോടതി ഡിസംബര്‍ ഒന്നിനാണ് ഇതില്‍ വാദം കേള്‍ക്കുന്നത്. മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചും ഒബാമ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് അവരെ പരിഹസിക്കുന്നത് പോലെയാണെന്നും ഇത് ഇന്ത്യയുടെ പരമാധികാരത്തെ ആക്രമിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.
ഒബാമ നടത്തിയ പരാമര്‍ശത്തില്‍ ദുഖിതരായ പ്രവര്‍ത്തകര്‍ പുസ്തകത്തിനെതിരെ തെരുവില്‍ പ്രതിഷേധം സംഘടിപ്പിക്കും, അങ്ങിനെ ചെയ്യുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. അതുകൊണ്ടുതന്നെ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് അഭിഭാഷകന്റെ ആവശ്യം.