സോള്‍: വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക് (59) അന്തരിച്ചു. കൊവിഡ് ബാധിച്ച് ലാത്വിയയില്‍ ചികിത്സയിലായിരുന്നു. ലാത്വിയന്‍ മാധ്യമങ്ങളാണ് മരണ വിവരം റിപ്പോര്‍ട്ട് ചെയ്തത്. നിരവധി അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ക്ക് കിം അര്‍ഹനായിട്ടുണ്ട്.

മലയാളികള്‍ക്ക് ഏറെ പരിചിതനായ കിം 2013ല്‍ ഐ എഫ് എഫ് കെയില്‍ മുഖ്യാതിഥിയായി കേരളത്തിലെത്തി. സമരിറ്റന്‍ ഗേള്‍, സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍, ദ ബോ തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിരവധി ബഹുമതികള്‍ നേടിയ കൊറിയന്‍ ചലച്ചിത്ര സംവിധായകനാണ് കിം കി ഡുക്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിന്റെ ചലച്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത.
1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതല്‍ ’93 വരെ അദ്ദേഹം പാരീസില്‍ ഫൈന്‍ ആര്‍ട്‌സ് പഠനം നടത്തി. അതിനു ശേഷം ദക്ഷിണ കൊറിയയില്‍ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. തൊട്ടടുത്ത വര്‍ഷം ക്രോക്കോഡില്‍ എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവില്‍ അദ്ദേഹം പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു.
2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീഅയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും.
സമരിറ്റന്‍ ഗേള്‍
യൂറോപിലെത്താനുളള പണം സ്വരൂപിക്കാനായി രണ്ട് പെണ്‍കുട്ടികള്‍ ശരീര വില്‍പ്പനക്കൊരുങ്ങുന്നു. ഒരാള്‍ കൂട്ടിക്കൊടുപ്പുകാരിയായും മറ്റേയാള്‍ ലൈംഗികത്തൊഴിലാളിയായും പ്രവര്‍ത്തിക്കുന്നു. കൂട്ടിക്കൊടുപ്പുകാരിയുടെ ഒരു കൈപ്പിഴവു മൂലം മറ്റേയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. അതിനു ശേഷം കുറ്റബോധം തീര്‍ക്കാന്‍ ആദ്യത്തെയാളും ലൈംഗികത്തൊഴിലാളിയായി മാറുന്നു. ആത്മഹത്യ ചെയ്ത പെണ്‍കുട്ടി ബന്ധപ്പെട്ടിരുന്ന ആളുകളുടെ കൂടെ ശയിച്ച ശേഷം അവരില്‍ നിന്ന് ആദ്യം വാങ്ങിയ പണം അവള്‍ തിരിച്ചു നല്‍കുന്നു. പോലീസ് ഡിറ്റക്റ്റീവ് ആയ തന്റെ അച്ഛന്‍ തന്നെ നിരീക്ഷിക്കുന്നത് അവള്‍ അറിയുന്നില്ല. കൂടെ ശയിച്ചവരെയെല്ലാം വേട്ടയാടി അയാള്‍ എത്തുമ്പോഴേക്കും പ്രവൃത്തികളുടെ കൈയെത്താത്ത ദൂരങ്ങളിലേക്ക് അവര്‍ അകന്നു പോവുന്നു.
ത്രീ അയേണ്‍
തേ സുക് എന്ന യുവാവ് ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അന്വേഷിച്ച് മോട്ടോര്‍ സൈക്കിളില്‍ നാടു ചുറ്റുന്നു. ഉടമസ്ഥരില്ലാതെ കിടക്കുന്ന വീടുകളില്‍ വാതില്‍ തുറന്ന് അകത്തു കയറി അവര്‍ വരുന്നത് വരെ അയാള്‍ താമസിക്കുന്നു. ഒപ്പം വീടു വൃത്തിയാക്കുകയും കേടു വന്ന സാധന സാമഗ്രികള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. ഒരിടത്ത് വെച്ച് സുന്‍ഹ്വാ എന്ന വിവാഹിതയായ പെണ്‍കുട്ടിയുമായി അയാള്‍ പ്രണയത്തിലാവുന്നു. തുടര്‍ന്നുണ്ടാവുന്ന കുഴപ്പങ്ങളില്‍ പെട്ട് ജയിലിലാവുന്ന തേ സുക് ചുറ്റുമുള്ളവരില്‍ നിന്ന് അപ്രത്യക്ഷനായി നടക്കാന്‍ ശീലിക്കുന്നു. പിന്നീട് സുന്‍ഹ്വായുടെ വീട്ടില്‍ തിരിച്ചെത്തുന്ന തേ സുക് അവള്‍ക്കു മാത്രം കാണാവുന്ന അദൃശ്യ സാന്നിദ്ധ്യമായി അവിടെ ജീവിക്കുന്നു. പ്രധാന കഥാപാത്രങ്ങള്‍ക്കു് ഈ ചലച്ചിത്രത്തില്‍ സംഭാഷണങ്ങളൊന്നുമില്ലെന്നതു് ശ്രദ്ധേയമാണ്.
ടൈം
രണ്ടു വര്‍ഷമായി പ്രണയിക്കുന്ന കാമുകന് തന്റെ മുഖം മടുത്തു തുടങ്ങിയോ എന്ന ആശങ്കയില്‍ സെ ഹീ എന്ന കഥാപാത്രം തന്റെ മുഖം മാറ്റാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നു. ഇതോടെ സെ ഹീ എന്ന കഥാപാത്രം തിരോധാനം ചെയ്യുകയും പുതിയൊരു വ്യക്തി അവളുടെ കാമുകന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.. എന്നാല്‍ പഴയ കാമുകിയുടെ ഓര്‍മ്മകളില്‍ മുഴുകിയ കാമുകന്റെ മാനസികാവസ്ഥകള്‍ മുഖം മാറ്റിയ സെ ഹീയുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നു. താന്‍ പഴയ സെ ഹീ തന്നെയാണെന്ന് അവള്‍ വെളിപ്പെടുത്തുമ്പോള്‍ കബളിപ്പിക്കപ്പെട്ടെന്ന് തോന്നുന്ന കാമുകന്‍ സ്വയം മുഖം മാറ്റല്‍ സര്‍ജറിക്ക് വിധേയനാവുന്നു.
സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍… ആന്റ് സ്പ്രിങ്
കിം കി ഡുകിന്റെ വ്യത്യസ്തമായൊരു ചിത്രമാണിത്. വിവിധ കാലാവസ്ഥകളിലൂടെ മുന്നോട്ട് പോവുന്ന ഒരു ബുദ്ധഭിക്ഷുവിന്റെ ജീവിതമാണ് ഇതിലെ പ്രമേയം. ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളും ഭാവങ്ങളും ഈ കാലാവസ്ഥകള്‍ കൊണ്ട് പ്രതിനിധീകരിക്കപ്പെടുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ബുദ്ധക്ഷേത്രത്തില്‍ ഒരു ഭിക്ഷു തന്റെ ശിഷ്യന് വിജ്ഞാനവും സഹജീവികളോടുള്ള കാരുണ്യവും അനുഭങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പകര്‍ന്നു കൊടുന്നു. എന്നാല്‍ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തില്‍ സ്വയം തെരഞ്ഞെടുത്ത പാതയില്‍ ശിഷ്യന്‍ സഞ്ചരിക്കുന്നു.