ന്യൂഡൽഹി: വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും എതിരെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ വിഭാഗങ്ങളെയും അവര്‍ തേടിവരും. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ കഴിഞ്ഞ ദിവസം ഒരു ലേഖനം വന്നു. ക്രിസ്ത്യൻ സമൂഹത്തിൻ്റെ സ്വത്തിൽ ആക്രമണം നടത്താൻ പോകുന്നുവെന്നാണ് ഓർഗനൈസർ പറയുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി എന്ത് ചെയ്തുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ജാതി സെൻസസ് നടത്തില്ലെന്ന് മോദി പറഞ്ഞു, എന്നാൽ ഓരോ വിഭാഗത്തിൻ്റെയും കൃത്യമായ കണക്ക് വേണം. തെലങ്കാനയിൽ ജാതി സെൻസസ് നടപ്പാക്കിയപ്പോൾ ഒബിസി സംവരണം 42 ശതമാനമാക്കി. പിന്നാക്ക വിഭാഗങ്ങൾക്ക് എത്തിപ്പെടാൻ കഴിയുന്ന എല്ലാ വാതിലുകളും മോദി അടച്ചുവെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
ആർഎസ്എസ് പ്രത്യയ ശാസ്ത്രം സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രത്യയ ശാസ്ത്രമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന കത്തിച്ചവരാണ് ആർഎസ്എസ്. രാജ്യത്തെ നിയന്ത്രിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസിന്റെ രാജസ്ഥാനിലെ ദലിത് പ്രതിപക്ഷ നേതാവ് ക്ഷേത്രം സന്ദർശിച്ചപ്പോൾ ഗംഗ ജലം തളിച്ച് അവിടം ശുദ്ധീകരിച്ചു. ഇത് അപമാനകരമാണ്. രാജ്യത്തെ ഓരോ വ്യക്തിയും ബഹുമാനം അർഹിക്കുന്നവരാണ്. എന്നാൽ ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ പോരാടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു