തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലയിലും ഒരു വനിതയെ എങ്കിലും സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നീക്കം. തിരുവനന്തപുരത്ത് ആര്യാ രാജേന്ദ്രനെ അടക്കം മേയറാക്കിയതിലൂടെ ലഭിച്ച പൊതുജന സമ്മതി കൂടുതല്‍ ശക്തമാക്കാനാണ് സിപിഎം ലക്ഷ്യം. ഒന്നില്‍ കൂടുതല്‍ പേര്‍ ജില്ലയില്‍ നിന്നുണ്ടായാലും പ്രശ്‌നമില്ലെന്നാണ് സിപിഎം നിലപാട്. അതേസമയം ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റവരെ ഇത്തവണ കളത്തില്‍ ഇറക്കില്ല. പ്രമുഖ നേതാക്കളൊന്നും ഇതോടെ മത്സരരംഗത്തുണ്ടാവില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

പി ജയരാജനും കെഎന്‍ ബാലഗോപാലും പി രാജീവും അടക്കമുള്ളവര്‍ മത്സരിക്കില്ല. അതേസമയം വീണാ ജോര്‍ജും ജോയ്‌സ് ജോര്‍ജും ഇത്തവണ മത്സരിക്കാനാണ് സാധ്യത. വീണ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, ആ മത്സരം പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതുകൊണ്ട് അവര്‍ക്ക് സീറ്റുണ്ടാവും. ആറന്മുളയില്‍ ജനപ്രീതിയുള്ള നേതാവാണ് വീണ. അതേസമയം ഇടത് സ്വതന്ത്രനായി ഇടുക്കി മത്സരിച്ച് തോറ്റ ജോയ്‌സ് ജോര്‍ജിനും നിബന്ധ തടസ്സമല്ല. അദ്ദേഹം ഇടുക്കിയില്‍ നിന്ന് ഉറപ്പായും ജയിക്കുമെന്ന് കരുതുന്ന നേതാവാണ്.

ജില്ലാ കമ്മിറ്റികളുടെ തീരുമാനവും കൂടി പരിഗണിച്ചാല്‍ രണ്ട് ടേം എന്ന നിബന്ധനയില്‍ ഇളവ് നല്‍കുക. ്അതേസമയം വിജയസാധ്യത പരിഗണിച്ച് മാത്രമേ രണ്ട് ടേമില്‍ ഇളവ് നല്‍കൂ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ വീണ്ടും പരിഗണിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎം നിലപാട്. നിലവില്‍ പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഇല്ലാത്ത ജയരാജന് ഇത് വലിയ തിരിച്ചടിയാവും. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. അത് നഷ്ടമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിയും നേരിട്ടു.
ഇതോടെ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവ് മാത്രമാണ് അദ്ദേഹം. ഇത്തവണ മത്സരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജയരാജന് പാര്‍ട്ടിയില്‍ എന്തെങ്കിലും പദവി നല്‍കാനും സാധ്യതയുണ്ട്. പി രാജീവ് കളമശ്ശേരിയില്‍ മത്സരിക്കുമെന്നാണ് കരുതിയത്. ബാലഗോപാല്‍ കൊട്ടാരക്കരയിലും മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇവരുടെ വഴി അടഞ്ഞിരിക്കുകയാണ്. വിഎന്‍ വാസവന്‍, എംബി രാജേഷ് പികെ ബിജു, കെപി സതീഷ്ചന്ദ്രന്‍ എന്നിവരും പുറത്തിരിക്കേണ്ടി വരും.
യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പരമാവധി പരിഗണന നല്‍കാനാണ് സിപിഎം തീരുമാനം. പൊതുസമ്മതരും പ്രൊഫഷണനലുകളും സാഹിത്യസാംസ്‌കാരിക മേഖലയിലെ പ്രമുഖരെയും പരിഗണിക്കും. അധികം സിനിമാ താരങ്ങളില്‍ കേന്ദ്രീകരിക്കില്ലെന്നാണ് സൂചന. കോണ്‍ഗ്രസും ബിജെപിയും കൂടുതല്‍ സിനിമാ താരങ്ങളെയാണ് ലക്ഷ്യമിടുന്നത്.