ബെര്‍ലിന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ കൊവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കിയതോടെ ബയോഎന്‍ടെക് എസ് ഇയുടെ സഹസ്ഥാപകന്‍ ലോക സമ്പന്നനായി. ഉഗുര്‍ സാഹിനാണ് ലോകത്തെ 500 സമ്പന്നരില്‍ ഒരാളായത്. അമേരിക്കന്‍ മരുന്ന് കമ്പനി ഫൈസറും ജര്‍മന്‍ കമ്പനി ബയോഎന്‍ടെക്കുമാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

ലോകത്തെ 493-ാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് നിലവില്‍ സാഹിന്‍. 510 കോടി ഡോളറിന്റെ ആസ്തിയാണുള്ളതെന്ന് ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് സൂചികയില്‍ പറയുന്നു. ബയോഎന്‍ടെക്കിന്റെ ഓഹരി ഈയാഴ്ച എട്ട് ശതമാനമാണ് വര്‍ധിച്ചത്.

ഈ വര്‍ഷം 250 ശതമാനത്തിലേറെയും ഓഹരി വര്‍ധിച്ചു. നേരത്തേ ക്യാന്‍സര്‍ വിരുദ്ധ പോരാട്ടത്തിലായിരുന്നു ബയോഎന്‍ടെക്ക് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ജനുവരിയില്‍ വാക്‌സിനില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. സാഹിനും ഭാര്യ ഒസ്ലെം തുറേഷിയുമാണ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ കച്ചകെട്ടിയിറങ്ങിയത്. ബയോഎന്‍ടെക്കിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കൂടിയാണ് ഒസ്ലെം തുറേഷി.