വാഷിങ്ടന്‍: ബുധനാഴ്ച വൈകിട്ട് അമേരിക്കയിലെ വാഷിങ്ടന്‍ ഡിസിയിലുണ്ടായ വെടിവയ്പ്പില്‍ ഇസ്രയേല്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. വാഷിങ്ടനിലെ ജൂത മ്യൂസിയത്തിനു സമീപമാണ് വെടിവയ്പ്പുണ്ടായത്.
അക്രമി പിടിയിലായിട്ടുണ്ടെന്നും ഇയാള്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഷിക്കാഗോയില്‍ നിന്നുള്ള ഏലിയാസ് റോഡ്രിഗസ് (30) ആണ് പിടിയിലായത്. വാഷിങ്ടനിലെ ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഫീല്‍ഡ് ഓഫിസിനു അടുത്തായിരുന്നു വെടിവയ്പ്പ്.
ജൂതന്മാര്‍ക്കെതിരായ ഭീകരവാദത്തിന്റെ ഭാഗമായി നടന്ന അതിക്രമമാണിതെന്ന് വെടിവയ്പ്പിനെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടനയിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡനോന്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു.
‘ഇത് ഭീരുത്വം നിറഞ്ഞ, സെമിറ്റിക് വിരുദ്ധ അക്രമത്തിന്റെ ഒരു ലജ്ജാകരമായ പ്രവൃത്തിയായിരുന്നു. ഒരു തെറ്റും ചെയ്യരുത്: ഉത്തരവാദികളായവരെ ഞങ്ങള്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരും.’- യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എക്സില്‍ പറഞ്ഞു.