ചെന്നൈ: നേത്ര ചികിത്സ രംഗത്തെ ഏറ്റവും വലിയ ശൃംഖലയായ വാസന്‍ ഐ കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. എ.എം അരുണ്‍ (51) വീട്ടില്‍ മരിച്ച നിലയില്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തില്‍ സംശയം ആരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതോടെ പൊലീസ് ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ചെന്നൈയിലെ ഓമന്‍ദുരര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.

അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും ഹൃദയാഘാതമാണ് മരണകാരണണെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. രാജ്യത്തെ തന്നെ ഏറ്റവും വലിയ നേത്ര ശൃംഖലയാണ് വാസന്‍ ഐ കെയര്‍.

2002ല്‍ തിരുച്ചിറപ്പള്ളിയിലാണ് വാസന്‍ ഐ കെയറിന്റെ ആരംഭം. ഇന്ന് രാജ്യത്ത് 100ല്‍ അധികം ശാഖകള്‍ ആശുപത്രിക്കുണ്ട്. നേരത്തെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസന്‍ ഐ കെയറില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും റെയ്ഡ് നടത്തിയിരുന്നു. ഈ കേസില്‍ കഴിഞ്ഞ വര്‍ഷത്തോടെ മദ്രാസ് മെട്രോപോളിറ്റന്‍ കോടതി അരുണിനും ഭാര്യയ്ക്കും എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.