തിരുവനന്തപുരം: വാഹന പരിശോധന നടത്തുകയായിരുന്ന കണ്‍ട്രോള്‍ റൂമിലെ പൊലീസ് സംഘത്തിനുനേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്‍റെ ആക്രമണം. എസ്ഐയെ മര്‍ദ്ദിക്കുകയും പിന്നാലെയെത്തിയ ജീപ്പിന്‍റെ ചില്ല് തകര്‍ക്കുകയും ചെയ്ത സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കം രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കരിമഠം കോളനിയില്‍ ശ്രീക്കുട്ടനെന്ന് വിളിക്കുന്ന പ്രവീണ്‍(19), പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി ശരത് (18) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസിലെ പ്രതിയാണ് പ്രവീണ്‍. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടുകൂടി പാപ്പനംകോട് ജംഗ്ഷനിലാണ് സംഭവം. ലഹരി പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് കൺട്രോൾ റൂം എസ്ഐയെ സംഘം മർദിച്ചത്.