THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, March 31, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news വിവാദ തോഴി ശശികലയെ പേടിച്ച് തമിഴ് നാട്ടിലെ ഭരണപക്ഷം; അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറി

വിവാദ തോഴി ശശികലയെ പേടിച്ച് തമിഴ് നാട്ടിലെ ഭരണപക്ഷം; അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറി

ഗ്ലോബല്‍ ഇന്ത്യന്‍ സ്‌പെഷല്‍

adpost

ജയലളിതയുടെ തോഴിയായ ശശികല ജയില്‍ മോചിതയായതോടെ അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറി. ശശികലയ്ക്ക് ഉടന്‍ തമിഴ്‌നാട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടേയെന്നും ശശികലയുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഒ പനീര്‍സെല്‍വത്തിന്റെ മകന്‍ ജയപ്രദീപ് എം.പി പ്രസ്താവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ അടക്കം ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

adpost

തുടര്‍ന്ന് നിരവധി നേതാക്കളും പരസ്യമായി രംഗത്തു വരുന്ന സാഹചര്യവുമുണ്ടായി. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുമായി ഉടക്കിലുള്ള വിഭാഗമാണ് പനീര്‍ശെല്‍വ വിഭാഗം. ശശികല തമിഴകത്ത് കാല് കുത്തുന്നതോടെ എടപ്പാടി വിഭാഗത്തിലുള്ള നേതാക്കളും കൂട്ടത്തോടെ ശശികലക്കൊപ്പം ചേരുമെന്നാണ് ശശികല വിഭാഗം അവകാശപ്പെടുന്നത്. ബന്ധുകൂടിയായ ടി.ടി.വി ദിനകരന്‍ എം.എല്‍.എയാണ് ശശികലയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജയലളിതയുടെ സ്വന്തം ആര്‍.കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച് വിജയിച്ച ചരിത്രമാണ് ദിനകറിനുള്ളത്. അതുകൊണ്ടു തന്നെ ‘ചിന്നമ്മ’ എന്നറിയപ്പെടുന്ന ശശികലയുടെ വരവിനെ നിസാരമായി ആര്‍ക്കും എഴുതി തള്ളാന്‍ കഴിയുകയില്ല.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നും നാലു വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷമാണ് ശശികല ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. കോവിഡ് ബാധിച്ചതിനാല്‍ അവര്‍ നിലവില്‍ ബംഗളുരുവില്‍ ചികിത്സയിലാണ്. രോഗം ഭേദമായാല്‍ ഉടന്‍ തന്നെ ചെന്നൈയിലേക്ക് തിരിക്കും. ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ ശശികല നേരെ പോകുന്നത് മറീന ബീച്ചിലെ ജയലളിതയുടെ സമാധിയിലേക്കാണ്.

അവിടെ നിന്നാണ് ‘ചിന്നമ്മ’ ഇനി തുടങ്ങാന്‍ പോകുന്നത്. രാഷ്ട്രീയ ഗുരു എംജി.ആറിന്റെ സമാധിക്കു പിറകിലായാണ് പറന്നുയരുന്ന ഫിനിക്‌സ് പക്ഷിയുടെ രൂപത്തിലുള്ള ജയലളിത സ്മാരകവും സ്ഥാപിച്ചിരിക്കുന്നത്. സമാധിയിലേക്കെത്തുന്നവരെ സ്വീകരിക്കുന്നത് രണ്ടു ഗര്‍ജിക്കുന്ന സിംഹങ്ങളുടെ പ്രതിമകളാണ്. മ്യൂസിയത്തില്‍ ജയലളിതയുടെ പൂര്‍ണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയിരിക്കുന്നത് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ്.

ശശികല ജയില്‍ മോചിതയായ ദിവസമായിരുന്നു ഉദ്ഘാടനവും നടന്നിരുന്നത്. രണ്ട് വിഭാഗങ്ങളാണെങ്കിലും എടപ്പാടി വിഭാഗവും ശശികല വിഭാഗവും ലക്ഷ്യമിടുന്നത് ഒന്നു തന്നെയാണ്. അത്, ജയവികാരമുയര്‍ത്തുക എന്നത് തന്നെയാണ്. ജയലളിത കൂടി പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് തടവില്‍ കഴിഞ്ഞത് എന്നതിനാല്‍ എല്ലാ പാപഭാരവും കഴുകി കളഞ്ഞുള്ള ഈ രണ്ടാം വരവില്‍ ശശികല തമിഴകം പിടിക്കുമെന്ന് തന്നെയാണ് അനുയായികള്‍ വിശ്വസിക്കുന്നത്. നാല് വര്‍ഷം മുന്‍പ് മറീന ബീച്ചിലെ ജയലളിതയുടെ സമാധിയില്‍ മൂന്നു തവണ അടിച്ച് ശപഥം ചെയ്താണ് ശശികല ബംഗളൂരുവിലെ ജയിലിലേക്ക് പോയിരുന്നത്. ഗൂഢാലോചന, വഞ്ചന, പ്രതിബന്ധങ്ങള്‍, ഇവയെല്ലാം തരണം ചെയ്ത് ഞാന്‍ മടങ്ങിവരുമെന്ന് പ്രതിജ്ഞ ചെയ്തായിരുന്നു ഈ ജയില്‍ യാത്ര.

ആദ്യം അമ്പരന്നെങ്കിലും, ‘ത്യാഗ തലൈവി ചിന്നമ്മ വാഴ്ക’ എന്ന മുദ്രാവാക്യം വിളിച്ചാണ് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ശശികലയെ യാത്രയാക്കിയിരുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന എടപ്പാടി പളനി സ്വാമി അടക്കമുള്ളവര്‍ ഇപ്പോള്‍ ശത്രുപക്ഷത്താണ്. ശശികലയുടെ കണ്ണിലെ കരടായിരുന്ന പനീര്‍ശെല്‍വ വിഭാഗമാണ് ഇപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജയലളിതയുടെ ഈ തോഴി നേരിട്ട് കളത്തിലിറങ്ങുന്നതോടെ അണ്ണാ ഡി.എം.കെയിലെ നല്ലൊരു വിഭാഗം അവര്‍ക്കൊപ്പം ചേരാനാണ് സാധ്യത.

ജയലളിത പലവട്ടം മുഖ്യമന്ത്രിയാക്കിയ ഒ പനീര്‍ ശെല്‍വവും തോഴിയും ഒരുമിക്കുന്നതോടെ ജയ തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് അനുയായികള്‍. ചെന്നൈയില്‍ എത്തുന്ന ശശികലക്ക് താമസിക്കുന്നതിനായി ജയലളിതയുടെ പോയിസ് ഗാര്‍ഡനിലെ വസതിക്ക് സമീപം തന്നെയാണ് താമസ സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശശികലയ്‌ക്കൊപ്പം ബന്ധുക്കളായ ഇളവരശിയും സുധാകരനും ജയില്‍ശിക്ഷ കഴിഞ്ഞ് നിലവില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ശശികലയുടെ വരവോടെ തമിഴക രാഷ്ട്രീയമാണ് ഇളകി മറിയാന്‍ പോകുന്നത്. അതിന്റെ സൂചന ഇപ്പോള്‍ തന്നെ പ്രകടവുമാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പ്, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മാത്രമല്ല നടന്‍ കമല്‍ഹാസനും ശശികലക്കും ഏറെ നിര്‍ണ്ണായകമാണ്. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com